സംസ്ഥാന സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന വിദ്യാകിരണം പദ്ധതി (Educational Assistance to Children of Disabled Parents) പ്രകാരം ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന (BPL) കുടുംബങ്ങളിലെ വിദ്യാർഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഓരോ ജില്ലയിലെയും 25 വിദ്യാർഥികൾക്കാണ് ആനുകൂല്യം ലഭിക്കുക. ഒരു അധ്യയന വർഷത്തിൽ 10 മാസത്തേക്കാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്.
സ്‌കോളർഷിപ്പ് തുക
ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ: പ്രതിമാസം 300 രൂപ
ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ: പ്രതിമാസം 500 രൂപ
പ്ലസ് വൺ, പ്ലസ് ടു, ഐടിഐ, തത്തുല്യ കോഴ്‌സുകൾ: പ്രതിമാസം 750 രൂപ
ഡിഗ്രി, പി.ജി., പോളിടെക്നിക്, പ്രൊഫഷണൽ കോഴ്‌സുകൾ, ട്രെയിനിങ് കോഴ്‌സുകൾ: പ്രതിമാസം 1,000 രൂപ

ആർക്കെല്ലാം അപേക്ഷിക്കാം?
കേരളത്തിലെ സ്ഥിര താമസക്കാർ
ബി.പി.എൽ വിഭാഗത്തിൽപ്പെടുന്ന ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ (അച്ഛൻ/അമ്മ അല്ലെങ്കിൽ ഇരുവരും) മക്കളായിരിക്കണം.
മാതാപിതാക്കളുടെ ഭിന്നശേഷി 40 ശതമാനമോ അതിലധികമോ ആയിരിക്കണം.
സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
സാമൂഹ്യനീതി വകുപ്പിന്റെ SUNEETHI ഓൺലൈൻ സർവീസ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. ആദ്യം One Time Registration നടത്തി മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം. തുടർന്ന് Citizen Login വഴി ലോഗിൻ ചെയ്ത് വ്യക്തിഗത വിവരങ്ങൾ, ബാങ്ക് വിവരങ്ങൾ എന്നിവ പുതുക്കിയ ശേഷം വിദ്യാകിരണം സ്‌കോളർഷിപ്പ് തെരഞ്ഞെടുത്ത് ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.


