ഇനി ഓണ്‍ലൈന്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ചെലവ് കൂടും. ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ അസംസ്‌കൃത എണ്ണ പ്രതിസന്ധിയും ഇന്ധനവില വര്‍ധനയും കാരണം സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളുടെ നിരക്കുകള്‍ വരും ദിവസങ്ങളില്‍ ഉയര്‍ന്നേക്കുമെന്നാണ് സൂചന. സൊമാറ്റോയുടെ മാതൃ കമ്പനിയായ ഇറ്റേണല്‍, സ്വിഗ്ഗി എന്നിവയുള്‍പ്പെടെയുള്ള ഫുഡ് ഡെലിവറി, ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് വരും ദിവസങ്ങളില്‍ ചെലവ് കൂടുമെന്ന് പ്രമുഖ സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഇലാര കാപ്പിറ്റലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അസംസ്‌കൃത എണ്ണവിലയിലെ വര്‍ധന കാരണം അടുത്തിടെ ഇന്ധനവിലയില്‍ ലിറ്ററിന് 4 രൂപയോളം വര്‍ധനവുണ്ടായിട്ടുണ്ട്. ഇത് പെട്രോള്‍, ഡീസല്‍ വിലയില്‍ ഏകദേശം 4 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടാക്കിയത്. ഈ 4 ശതമാനം ഇന്ധനവില വര്‍ധനവ് ഓരോ ഓര്‍ഡറിലും ഏകദേശം 44 പൈസയുടെ അധിക ബാധ്യത വരുത്തിവെക്കുമെന്നാണ് ഇലാര കാപ്പിറ്റല്‍ വിലയിരുത്തുന്നത്.നിലവിലെ സാഹചര്യത്തില്‍ ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് ഡെലിവറി തൊഴിലാളികള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടാലും, കമ്പനികളുടെ വരുമാനത്തെ ഇത് തല്‍ക്കാലം വലിയ രീതിയില്‍ ബാധിക്കാനിടയില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച് കമ്പനികള്‍ക്ക് നിലവില്‍ ഒരു ഓര്‍ഡറിന് വരുന്ന ശരാശരി ഡെലിവറി ചെലവ് എങ്ങനെയാണെന്ന് നോക്കാം. ക്വിക്ക് കൊമേഴ്സ് ഓര്‍ഡറുകള്‍ക്ക് ശരാശരി 35 മുതല്‍ 50 രൂപ വരെയാണ് ചാർജ് വരുന്നത്. ഫുഡ് ഡെലിവറി ഓര്‍ഡറുകള്‍ക്ക് ശരാശരി 55 മുതല്‍ 60 രൂപ വരെ ആകും. ഇറ്റേണലിൽ മൊത്തത്തിലുള്ള ശരാശരി കണക്കാക്കിയാല്‍ ഒരു ഓര്‍ഡറിന് 45 രൂപയോളം വരും.

സ്വിഗ്ഗിയിൽ മൊത്തത്തിലുള്ള ശരാശരി കണക്കാക്കിയാല്‍ ഒരു ഓര്‍ഡറിന് 55 രൂപയാണ് അധിക ചെലവ് വരുന്നത്. ഒരു ഡെലിവറിക്ക് വരുന്ന ആകെ ചെലവിന്റെ 20 ശതമാനത്തോളം വരുന്നത് ഇന്ധനച്ചെലവാണ്. അതായത്, നിലവില്‍ ഒരു ഓര്‍ഡറിന് ഏകദേശം 9 മുതല്‍ 10 രൂപ വരെ ഇന്ധനത്തിനായി മാത്രം ചെലവാകുന്നുണ്ട്. ഇതാണ് ഇന്ധനവില കൂടുന്നത് കമ്പനികള്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *