ബേപ്പൂരിൽ താൻ പരാജയപ്പെട്ടാൽ മൊട്ടയടിച്ച് കാതില്‍ കമ്മലിട്ട് കിഡ്‌സൺ കോർണർ മുതൽ മിഠായി തെരുവിലൂടെ റെയിൽവേ സ്റ്റേഷൻ വരെ നടക്കുമെന്ന് പിവി അൻവർ.മന്ത്രി മുഹമ്മദ് റിയാസ് ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറുണ്ടോ എന്നും, കമ്മലിടണ്ട പകരം മൊട്ടയടിച്ചാൽ മതിയെന്നും അദ്ദേഹം അൻവർ വെല്ലുവിളിച്ചു. സംസ്ഥാനത്ത് നിലവിൽ പിണറായിസത്തിനെതിരായ തരംഗമുണ്ടെന്നും മുഹമ്മദ് റിയാസിന്റെ അമിതമായ ആധിപത്യം എൽ.ഡി.എഫിന് വലിയ തിരിച്ചടിയായെന്നും കോഴിക്കാട് നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഭരണത്തിലും പാർട്ടിയിലും റിയാസിന് ലഭിക്കുന്ന അപ്രമാദിത്വത്തിൽ സി.പി.എമ്മിനുള്ളിൽ തന്നെ വലിയ അമർഷമുണ്ടെന്ന് അൻവർ പറഞ്ഞു. ഇതേത്തുടർന്ന് സി.പി.എം പ്രവർത്തകർ ബേപ്പൂരിലെ പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടുനിന്നതായും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് ജില്ലയിൽ സി.പി.എമ്മിന് തിരിച്ചടിയുണ്ടാകാൻ കാരണം റിയാസാണെന്നും, സി.പി.എം വോട്ടുകൾ ചോരുന്നതിനൊപ്പം ന്യൂനപക്ഷ വോട്ടുകൾ മുന്നണിക്ക് എതിരായെന്നും അൻവർ കൂട്ടിച്ചേർത്തു.

ബേപ്പൂരിൽ റിയാസ് അവകാശപ്പെടുന്നതുപോലെ 82,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കില്ലെന്നും ഭൂരിപക്ഷം 65,000 കടക്കില്ലെന്നും പി.വി. അൻവർ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിൽ ഒരു പ്രവൃത്തിയിൽ മാത്രം 65 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് മുൻ സെക്രട്ടറി ബിജു പ്രഭാകർ ഐ.എ.എസ് വെളിപ്പെടുത്തിയിട്ടും മന്ത്രി അതിനോട് പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും അൻവർ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *