വേനല്‍ച്ചൂട് ക്രമാതീതമായി വര്‍ദ്ധിച്ചതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നിരിക്കുകയാണ്. വൈകുന്നേരം 6നും 11നുമിടയില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നാണ് കെഎസിഇബിയുടെ നിര്‍ദേശം. ഈ സമയം പമ്പ് സെറ്റ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീന്, എ സി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗവും വൈദ്യുതി വാഹന ചാര്‍ജിങ്ങും വൈകുന്നേരം 6 മണിക്കുശേഷം ഒഴിവാക്കി പരമാവധി മറ്റുസമയങ്ങളില്‍ ക്രമീകരിക്കാം.

അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്യാം. എ സിയുടെ താപനില 24-26 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിക്കുന്നതും വൈദ്യുതി ലാഭിക്കാന്‍ സഹായകമാണെന്ന് കെഎസ്ഇബി അറിയിച്ചു. ശാസ്ത്രീയമായ ചില നിര്‍ദ്ദേശങ്ങള്‍ പിന്തുടരുന്നത് വഴി നമ്മുടെ വീടുകളിലെ വൈദ്യുതി ഉപയോഗം ഫലപ്രദമായി കുറയ്ക്കാന്‍ സാധിക്കും. ആവശ്യമില്ലാത്തപ്പോള്‍ ലൈറ്റുകള്‍ ഓഫ് ചെയ്യുക എന്നതാണ് ഏറ്റവും ലളിതമായ മാര്‍ഗ്ഗം. ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍, മോഷന്‍ സെന്‍സറുകള്‍, ഓട്ടോമാറ്റിക് ടൈമറുകള് എന്നിവ ഘടിപ്പിക്കുന്നത് ലൈറ്റുകള്‍ അനാവശ്യമായി പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും.

ബള്‍ബുകള്‍
സാധാരണ ബള്‍ബുകള്‍ക്ക് പകരം സി എഫ് എല്‍ അല്ലെങ്കില്‍ എല്‍ ഇ ഡി ബള്‍ബുകള്‍ ഉപയോഗിക്കുന്നത് 70 ശതമാനം വരെ വൈദ്യുതി ലാഭിക്കാന്‍ സഹായിക്കും. ഒരു 15 വാട്ട് സി എഫ് എല്‍ ബള്‍ബ് നല്കുന്ന അതേ പ്രകാശം നല്കാന് 60 വാട്ട് സാധാരണ ബള്‍ബ് ആവശ്യമാണ്. കൂടാതെ ട്യൂബ് ലൈറ്റുകളിലെ പൊടി പതിവായി തുടയ്ക്കുന്നത് പ്രകാശം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍
വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ചിലവാകുന്നത് എ സി വഴിയാണ്. എ സി ഉപയോഗിക്കുന്നതിന് മുന്‍പ് സീലിംഗ് ഫാനുകള്‍ ഉപയോഗിക്കുന്നത് ചൂട് കുറയ്ക്കാന്‍ സഹായിക്കും. എ സിയുടെ തെര്‍മോസ്റ്റാറ്റ് 25 ഡിഗ്രി സെല്‍ഷ്യസോ അതില്‍ കൂടുതലോ ക്രമീകരിക്കുന്നത് വഴി വൈദ്യുതി ലാഭിക്കാം. 22 ഡിഗ്രിക്ക് മുകളില്‍ ഓരോ ഡിഗ്രി കൂട്ടുമ്പോഴും 3 മുതല്‍ 5 ശതമാനം വരെ വൈദ്യുതി ലാഭിക്കാനാകും. മുറികളിലെ വാതിലുകള്‍ കൃത്യമായി അടച്ചിടുകയും എ സി ഫില്‍ട്ടറുകള്‍ മാസത്തിലൊരിക്കല്‍ വൃത്തിയാക്കുകയും ചെയ്യുന്നത് എ സിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കും.

ബി എല്‍ ഡി സി ഫാനുകളിലേക്ക് മാറുക
സാധാരണ ഫാനുകള്‍ ഒഴിവാക്കി ബി എല്‍ ഡി സി ഫാനുകളിലേക്ക് മാറുന്നത് വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും. പഴയ സാധാരണ ഫാനുകള്‍ 70 മുതല്‍ 80 വാട്ട്സ് വരെ വൈദ്യുതി ഉപയോഗിക്കുമ്പോള്‍, ബി എല്‍ ഡി സി ഫാനുകള്‍ പരമാവധി വേഗതയില്‍ പ്രവര്‍ത്തിച്ചാല്‍ പോലും 25 വാട്ടില്‍ താഴെ മാത്രമേ വൈദ്യുതി ചെലവാക്കുന്നുള്ളൂ.
റഫ്രിജറേറ്റര്‍ പരിപാലനം
റഫ്രിജറേറ്ററുകള്‍ ഉപയോഗിക്കുമ്പോള്‍ അവ ചൂട് തട്ടാത്ത സ്ഥലങ്ങളില്‍ സ്ഥാപിക്കാന്‍ ശ്രദ്ധിക്കണം. വായു സഞ്ചാരത്തിനായി ഫ്രിഡ്ജിന് ചുറ്റും ആവശ്യത്തിന് സ്ഥലം നല്‍കണം. ഫ്രിഡ്ജിന്റെ ഡോര്‍ സീലുകള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തുക. ചൂടുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ തണുത്തതിന് ശേഷം മാത്രം ഫ്രിഡ്ജില്‍ വെക്കുക. അനാവശ്യമായി ഫ്രിഡ്ജ് തുറക്കുന്നത് ഒഴിവാക്കുന്നതും മാനുവല്‍ ഡിഫ്രോസ്റ്റ് ഫ്രിഡ്ജുകള്‍ കൃത്യസമയത്ത് ഡിഫ്രോസ്റ്റ് ചെയ്യുന്നതും വൈദ്യുതി ഉപഭോഗം കുറയ്ക്കും.

അടുക്കള ഉപകരണങ്ങളും കമ്പ്യൂട്ടറുകളും
മൈക്രോവേവ് ഓവനുകള്‍ ഉപയോഗിക്കുന്നത് സാധാരണ ഓവനുകളേക്കാള് 50 ശതമാനം വരെ ലാഭകരമാണ്. ഇലക്ട്രിക് കെറ്റില്‍ ഉപയോഗിക്കുമ്പോള്‍ ആവശ്യത്തിന് മാത്രം വെള്ളം തിളപ്പിക്കുക. കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കാത്തപ്പോള്‍ സ്ലീപ്പ് മോഡിലിടുന്നത് 40 ശതമാനം വരെ ഊര്‍ജ്ജം ലാഭിക്കാന്‍ സഹായിക്കും. ലാപ്ടോപ്പ്, മൊബൈല്‍ ചാര്‍ജറുകള്‍ സ്വിച്ച് ഓഫ് ചെയ്യാതെ പ്ലഗ്ഗില്‍ തന്നെ വെക്കുന്നത് വൈദ്യുതി നഷ്ടത്തിന് കാരണമാകും.

