കോൺഗ്രസ് നേതാവും പത്തനംതിട്ടയിലെ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ റേഷൻ കാർഡിൽ പേര് ചേർത്തത് വ്യാജമായിട്ടല്ലെന്ന് വിവരാവകാശ രേഖ. അപേക്ഷയിൽ കാർഡ് ഉടമയുടെ സമ്മതപത്രം ഉണ്ടായിരുന്നു. ഉടമയുമായി ബന്ധം തെളിയിക്കുന്ന റിലേഷൻ സർട്ടിഫിക്കറ്റ് പകർപ്പും ആധാർ കാർഡിന്റെ പകർപ്പും സമർപ്പിച്ചിരുന്നുവെന്നും വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നു. വ്യാജമായാണ് ശ്രീനാദേവിയുടെ പേര് റേഷൻ കാർഡിൽ ചേർത്തതെന്ന് ആരോപിച്ച് കാർഡ് ഉടമയുടെ മക്കൾ രംഗത്തെത്തിയിരുന്നു. അവർ നൽകിയ പരാതിയിൽ കാർഡിൽ നിന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വെട്ടിയിരുന്നു.

പാർട്ടി വിട്ടതിന്റെ വൈരാഗ്യത്തിൽ ഉദ്യോഗസ്ഥരെ ചാക്കിട്ട് സിപിഐ നേതൃത്വം നടത്തിയ പകപോക്കൽ തെളിഞ്ഞെന്ന് ശ്രീനാദേവി കുറ്റപ്പെടുത്തി. വ്യാജരേഖ ചമച്ച് റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയിൽ സപ്ലൈ ഓഫീസർ റേഷൻ കാർഡ് റദ്ദാക്കിയതിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടിയിരുന്നു. റദ്ദാക്കപ്പെട്ട റേഷൻ കാർഡിലെ മേൽവിലാസത്തിലാണ് വോട്ടർ പട്ടികയിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുണ്ടായിരുന്നത്. ബന്ധുക്കളിൽ ചിലരെ ഉപയോഗിച്ചുള്ള സിപിഐയുടെ രാഷ്ട്രീയ പകപോക്കലാണ് ഇതെന്നായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ ആരോപണം.

കാർഡ് ഉടമയുടെ മകൻ ശ്യാംജിത്ത് എസ് പിള്ളയാണ് വ്യാജരേഖ ചമച്ചുവെന്നാരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതി നല്‍കിയത്. ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചാണെന്നും എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയിൽ പറയുന്നത്. കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചുവെന്നും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിടുകയായിരുന്നു. നേതൃത്വവുമായി ഇടഞ്ഞാണ് ശ്രീനാദേവി കുഞ്ഞമ്മ സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You missed