സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നാമെല്ലാവരും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നു മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ കുറിപ്പ്
സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായതിനാൽ മറ്റ് ജില്ലകളിലും അനുഭവപ്പെടുന്ന ചൂട് വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ നാമെല്ലാവരും അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.ചൂട് വർദ്ധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ജീവാപായത്തിനും വരെ കാരണമായേക്കാം. അതിനാൽ താഴെ പറയുന്ന സുരക്ഷാ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം.

