ജാതി അധിക്ഷേപത്തെ തുടർന്ന് അഞ്ചരക്കണ്ടി ‍ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ അനാട്ടമി വിഭാഗം പ്രൊഫസർ എം കെ റാമിനെ കോളജിൽ നിന്നും പുറത്തക്കി. റാമിനെ പുറത്താക്കുമെന്ന് മാനേജ്മെന്റ് വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി. റാമിനെതിരെ കൂടുതൽ വിദ്യാർത്ഥികൾ ആരോപണവുമായി രം​ഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി.

നിതിന്റെ മരണത്തിൽ റാമിനെതിരെ കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെ ഒളിവിൽ കഴിയുകയാണ് ഇയാൾ. അദ്ധ്യാപകനെതിരെ വിദ്യാർത്ഥികൾ ഇന്ന് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കോളേജിൽ നിന്നും റാമിനെ പുറത്താക്കണമെന്നും നീതി വേണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചത്. പിന്നാലെയാണ് നടപടി ഉണ്ടായത്.

റാമിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് റാമിന്റെ കണ്ണൂര്‍ എടക്കാടുള്ള ദന്തല്‍ ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തിയിരുന്നു.ഡോ. റാമിനെതിരെ കോളേജിലെ മുന്നൂറോളം വിദ്യാർത്ഥികളാണ് മൊഴി നൽകിയത്. നിറത്തിന്റെ പേരിൽ വിദ്യാർത്ഥികളെ വേർതിരിക്കുമെന്നും ജാതിയും മതവും ചോദിക്കാറുണ്ടെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

നിതിന്റെ മരണത്തിൽ ആരോപണവിധേയരായ ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്പെൻഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പട്ടികജാതി-വർഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *