കോട്ടയം: സഭയ്ക്കും മെത്രാന്മാര്‍ക്കുമെതിരെ ബിജെപി നേതാവ് പി സി ജോര്‍ജ്. മെത്രാന്മാരൊക്കെ എന്തിനാണ് രാഷ്ട്രീയത്തില്‍ ഇടപെടുന്നതെന്ന് പി സി ജോര്‍ജ് ചോദിച്ചു. പാലാ പിതാവ് ഇന്നു വരെ രാഷ്ട്രീയമായ ഒരു അഭിപ്രായവും ഇന്നുവരെ പറഞ്ഞിട്ടില്ല. മനസ്സാക്ഷി അനുസരിച്ച് വോട്ടു ചെയ്യാനാണ് പറഞ്ഞത്. പക്ഷെ കാഞ്ഞിരപ്പള്ളി പിതാവ് യുഡിഎഫിന് വോട്ടു ചെയ്യാന്‍ പറഞ്ഞു. അത് വിവരക്കേടാണ്. അങ്ങനെ പറയാന്‍ പാടുണ്ടോ?. മഠങ്ങളില്‍ വിളിച്ചാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ അതുകൊണ്ട് മഠങ്ങളിലെ വോട്ടെല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

കുറച്ച് വോട്ടൊക്കെ പോയിട്ടുണ്ടാകും. പക്ഷെ ഒരു പിതാവ് അല്ലെങ്കില്‍ മെത്രാന്‍ ഇത്തരം ഊളത്തരം കാണിക്കരുത്. അത് മര്യാദകേടാണ്. എന്തിനാണ് ഇവര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ?. ഈരാറ്റുപേട്ടയിലെ ഒറ്റ മൗലവിയും ഇന്നുവരെ രാഷ്ട്രീയം പറഞ്ഞിട്ടില്ല. നിരവധി ഹിന്ദു ക്ഷേത്രങ്ങളുണ്ട്. അവിടത്തെ പൂജാരിമാരും ഇന്നവര്‍ക്ക് വോട്ടു ചെയ്യണമെന്ന് പറയുന്നില്ല. പിന്നെ കത്തോലിക്ക സഭയിലെ മെത്രാന്മാര്‍ക്ക് മാത്രമെന്താ ഇത്ര സൂക്കേടെന്ന് പി സി ജോര്‍ജ് ചോദിച്ചു. ഇതു നിര്‍ത്തേണ്ട സമയം കഴിഞ്ഞു. ഇതു നിര്‍ത്തുകയാ നല്ലത് എന്ന് കടുപ്പിച്ച് പറയുകയാണെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

സഭയുടെ പിന്തുണ ദീര്‍ഘകാലമായി യുഡിഎഫിനൊപ്പമാണെന്ന ആക്ഷേപം ഞങ്ങള്‍ക്കില്ല. ഈ മെത്രാന്മാര്‍ പറഞ്ഞതുകൊണ്ട് പൂഞ്ഞാറില്‍ ഒരുചുക്കും ബാധിക്കില്ല. കല്ലറങ്ങാട്ട് പിതാവ് എന്തെങ്കിലും പറഞ്ഞാല്‍ അതു ഫീല്‍ ചെയ്യും. വേറെ ഈ മെത്രാന്മാര്‍ പറയുന്ന ഊളത്തരം കേട്ട് വോട്ടു ചെയ്യാന്‍ പൂഞ്ഞാറില്‍ ആളില്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. ഇന്ത്യാമഹാരാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളില്‍ ബിജെപി ഭരിക്കുന്നിടത്ത് മുഖ്യമന്ത്രിമാര്‍ ഒന്നാംതരം ക്രിസ്ത്യാനികളാണ്. പിന്നെ എന്തിനാണ് കേരളത്തില്‍ ഇത്ര വിഷമം?. 2029 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരാനുള്ള പണി ഞങ്ങള്‍ കാണിച്ചു തരാമെന്നും പി സി ജോര്‍ജ് പറഞ്ഞു.

ഷോൺ എന്റെ മകനാണ്. അവൻ സത്യമേ പറയൂ. ബിഷപ്പ് മഠങ്ങളിലൊക്കെ വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ പറഞ്ഞു. സഭ എന്നാൽ യുഡിഎഫ് ആണോ? പൂഞ്ഞാറിൽ നിൽക്കുന്ന മൂന്ന് സ്ഥാനാർത്ഥികളിൽ മറ്റുള്ളവരെക്കൊണ്ട് എന്ത് ഗുണമുണ്ടായി? പൂഞ്ഞാറിൽ നിൽക്കുന്ന സ്ഥാനാർത്ഥികളിൽ സഭയ്ക്ക് എന്തെങ്കിലും ഗുണം ചെയ്തിട്ടുണ്ടെങ്കിൽ അത് ഞാനാണ്. എന്ത് കിട്ടിയിട്ടാണ് നാണംകെട്ടവർ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് പറയുന്നത്.

മെത്രാൻമാർ രാഷ്ട്രീയം പറഞ്ഞാൽ രാഷ്ട്രീയമായി തന്നെ നേരിടും. ചില മെത്രാന്മാർ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നു. ജന്മനാതന്നെ ചില മെത്രന്മാർ കോൺഗ്രസായിരിക്കും. മെത്രാന്മാർ രാഷ്‌ട്രീയമായി പ്രവർത്തിക്കേണ്ടവരല്ല. അത്തരത്തിൽ പ്രവർത്തിക്കുന്നവരെ രാഷ്‌ട്രീയക്കാരായി കാണും. ഒരു ബഹുമാനവും കാണിക്കില്ല. ബോധവും വിവരവുമില്ലാത്തവരാണ് അവർ.കത്തോലിക്കാ സഭാ മുഖപത്രം ഒരു പത്രമാണോ?. ആ പത്രം, അത് വായിക്കുന്നവന് വട്ടാണെന്നും പി സി ജോർജ് പരിഹസിച്ചു.

എഫ്‌സിആർഎ ബില്ല് വരുമെന്നും എതിർക്കുന്നവർക്ക് വീട്ടിൽ പോകാമെന്നും ജോർജ് കൂട്ടിച്ചേർത്തു. ‘വിദേശത്തുനിന്ന് പണം വാങ്ങിക്കുന്നതിന് കണക്ക് നൽകിയാൽ എന്താണ് കുഴപ്പം. എന്നിട്ടും കത്തോലിക്ക സഭയാണ്, ക്രിസ്ത്യാനിയാണ് എന്ന് വിചാരിച്ച് അമിത് ഷാ സഭയോട് പറഞ്ഞു, ഒരു പ്രശ്‌നവുമില്ല, നിങ്ങൾ ഏത് കണക്ക് തന്നാലും അപ്രൂവ് ചെയ്‌തേക്കാമെന്ന്. എന്നിട്ടും എന്തിനാണ് ഇവൻമാർ കുരയ്ക്കുന്നത്. ആ കുര യുഡിഎഫിന് വേണ്ടിയാണെന്നും, പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർത്ഥി കൂടിയായ പി സി ജോർജ് ആരോപിച്ചു.


