തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് ഇന്ന് നിര്‍ണായ ദിനം. തൊണ്ടിമുതല്‍ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമര്‍പ്പിച്ച അപ്പീലില്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ആന്റണി രാജുവിന്റെ നിയമസഭാംഗത്വത്തിലും നിര്‍ണായകമാണ് ഇന്നത്തെ കോടതി വിധി. കേസിൽ മൂന്ന് വർഷത്തെ തടവും പിഴയുമാണ് മജിസ്ട്രേറ്റ് കോടതി വിധിച്ചത്.

തൊണ്ടിമുതല്‍ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്നാണ് ആന്റണി രാജുവിന്റെ ആവശ്യം. മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റദ്ദാക്കിയാല്‍ ആന്റണി രാജുവിന് എംഎല്‍എയായി തിരികെയെത്താം. അപ്പീല്‍ തള്ളിയാല്‍ ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ നടപടി ബാധിച്ചേക്കും. എംഎല്‍എയായി തിരികെ എത്താനാവില്ലെന്നതിന് അപ്പുറത്ത് അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും വെല്ലുവിളിയാകും.

അഭിഭാഷകനായിരിക്കെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം നടത്തിയ സംഭവത്തിലാണ് ആന്റണി രാജുവിനെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. ഇതോടെ എംഎല്‍എ സ്ഥാനത്തു നിന്ന് ആന്റണി രാജു അയോഗ്യനാക്കപ്പെടുകയായിരുന്നു. ആന്റണി രാജുവിന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ശിക്ഷ താത്കാലികമായി മരവിപ്പിച്ചിട്ടുണ്ട്.

