തിരുവനന്തപുരം: ആറ്റിങ്ങലിൽ ബസുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. പൊയ്കമുക്ക് ലക്ഷ്മിവിള ഭാഗത്താണ് അപകടമുണ്ടായത്. മുദാക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ ബഡ്സ് സ്കൂൾ ബസ്സും സ്വകാര്യ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.
തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വളവ് തിരിഞ്ഞു വന്ന ബസ്സുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സ്കൂൾ ബസ് ഡ്രൈവർ മുദാക്കൽ സ്വദേശി ദീപു, അധ്യാപികയായ പൊയ്കമുക്ക് സ്വദേശി സുനിത എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസ്സിൽ മൂന്ന് കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിലെ ഒരു കുട്ടിക്കും ഡ്രൈവർക്കും നിസ്സാര പരിക്കേറ്റു. ഇവരെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.