മാധ്യമപ്രവർത്തകർക്കുനേരെ ഭീഷണിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബിജെപിയെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിച്ച ഒരു മാധ്യമപ്രവർത്തകനേയും വെറുതെവിടില്ലെന്നും കള്ളവാർത്തകൾ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവർ ഏത് കൊമ്പത്തിരിക്കുന്നവരായാലും കൈകാര്യം ചെയ്യുമെന്നും സുരേന്ദ്രൻ ഭീഷണി മുഴക്കി.

പാലക്കാട് തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബി.ജെ.പിയിലുണ്ടായ വിമത നീക്കവും നേതൃത്വത്തോട് അതൃപ്തി അറിയിച്ച് നേതാക്കൾ രംഗത്തുവന്നതും ഉൾപ്പടെയുള്ള വിഷയങ്ങളിൽ മാധ്യമങ്ങളിൽ വന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ മറവിൽ നൂറ് കണക്കിന് ബലിദാനികൾ ജീവൻ നൽകി പടുത്തുയർത്തിയ ഒരു മഹാപ്രസ്ഥാനത്തെ കരിവാരിത്തേക്കാൻ കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി മാധ്യമങ്ങൾ നടത്തുന്ന ഒരു ശ്രമത്തെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും അത്തരം നെറികേടുകൾ കാണിച്ച ഒരുത്തനെയും വെറുതെവിടുകയുമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ ദിവസവും വളരെ രൂക്ഷമായ ഭാഷയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ മാധ്യമങ്ങളോട് കയർത്ത് സംസാരിച്ചിരുന്നു. തനിക്കെതിരെ മാധ്യമങ്ങൾ ‘ചവറ്’ വാർത്തകളാണ് നൽകുന്നതെന്നായിരുന്നു സുരേന്ദ്രന്റെ ആക്ഷേപം.

Leave a Reply

Your email address will not be published. Required fields are marked *

You missed