മരിച്ചവരുടെ പെൻഷൻ തട്ടിയെടുത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി. പാലക്കാട്‌ ശ്രീകൃഷ്ണപുരം പഞ്ചായത്ത്‌ പതിനൊന്നാം വാർഡിലെ രണ്ട് പേരുടെ പെൻഷൻ തുകയാണ് തട്ടിയെടുത്തത്. മണ്ണമ്പറ്റയിലെ ഇടപ്പള്ളി ബ്രാഞ്ച് സെക്രട്ടറി സത്യ നാരായണനാണ് തട്ടിപ്പ് നടത്തിയത്. പരാതി ഉയർന്നതിന് പിന്നാലെ ഇയാളെ പാർട്ടി ചുമതലകളിൽ നിന്ന് ഒഴിവാക്കി. ശ്രീകൃഷ്ണപുരം പഞ്ചായത്ത് പതിനൊന്നാം വാർഡിലെ കൃഷ്ണൻകുട്ടി പണിക്കർ, നാരായണ ഗുപ്തൻ എന്നിവരുടെ പെൻഷനാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി തട്ടിയെടുത്തത്.

കൃഷ്ണൻ കുട്ടി 2026 ജൂലൈ ആദ്യ വാരത്തിലും നാരായണ ഗുപ്തൻ ഓഗസ്റ്റിലും മരണപ്പെട്ടതാണ്. എന്നാൽ ഇവരുടെ പേരിൽ സെപ്റ്റംബർ വരെയുള്ള പെൻഷൻ വ്യാജ ഒപ്പിട്ട് വിതരണച്ചുമതലയുള്ള സത്യ നാരായണൻ തട്ടിയെടുക്കുകയായിരുന്നു. വ്യാജ ഒപ്പിട്ട് ഇവർ തുക കൈപ്പറ്റിയതായി കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ ഇയാളെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും പെൻഷൻ വിതരണത്തിൽ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ കേസെടുത്തിട്ടില്ല. ഇയാൾക്കെതിരെ നിയമനടപടി വേണമെന്ന ആവശ്യം ഉയർത്തി പ്രതിഷേധത്തിനിറങ്ങാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

You missed