നെടുമ്പാശേരിയിൽ അപകടത്തിനിടയാക്കിയ വാഹനം ഓടിച്ചത് മണിക്കൂറിൽ 160 കിലോ മീറ്റർ വേഗത്തിൽ. പ്രതി സുഹൈൽ അരക്കിലോമീറ്റർ പിന്നിട്ടത് വെറും പതിനൊന്ന് സെക്കൻഡിൽ നിന്നും കണ്ടെത്തൽ. മരണപ്പാച്ചിൽ കൂട്ടുപ്രതികൾ ചിത്രീകരിച്ചെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അപകടശേഷം തെളിവെടുപ്പിനിടെ 120 കിലോ മീറ്റർ വേഗതയിൽ വണ്ടി ഓടിച്ചു എന്നായിരുന്നു സുഹൈൽ പൊലീസിനോട് പറഞ്ഞത്.

നെടുമ്പാശേരിയിൽ അപകടം നടന്ന റോഡിലെ സിസിടിവി പരിശോധിച്ചതിൽ നിന്നും കാറിലുണ്ടായിരുന്ന കൂട്ടുപ്രതികൾ ചിത്രീകരിച്ച വിഡിയോയിൽ നിന്നുമാണ് പൊലീസിന് ഈ വിവരം ലഭിച്ചത്. സിയാൽ പരിപാലിക്കുന്ന വിമാനത്താവളത്തിലേക്കുള്ള റോഡിൽ അപകടം നടന്ന 500 മീറ്ററിനുള്ളിൽ അഞ്ച് ക്യാമറകളുണ്ട്. ഇതിൽ നിന്നും അപകടസമയത്ത് അരകിലോമീറ്റർ പിന്നിട്ടത് 11 സെക്കൻഡിലാണെന്ന് പൊലീസ് കണ്ടെത്തി.

സുഹൈലിനൊപ്പം കാറിൽ സഞ്ചരിച്ച കൂട്ടുപ്രതികൾ പിൻസീറ്റിലിരുന്ന ചിത്രീകരിച്ച ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ഇതിൽ കാറിന്റെ സ്പീഡോമീറ്ററിലെ വിവരങ്ങളിലാണ് 160 കിലോ മീറ്റർ വേഗത കാണിക്കുന്നത്. വേഗം സംബന്ധിച്ച ശാസ്ത്രീയ വിവരം ഡാറ്റ റെക്കോഡർ പരിശോധന ഫലം ലഭിച്ചാൽ അറിയാൻ സാധിക്കും. ഇത് പരിശോധിക്കാൻ വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ജർമനയിലെ ഓഫീസിലേക്ക് അയച്ചിരിക്കുകയാണ്. അപകടം നടന്ന സ്ഥലത്തു കൂടെ സുഹൈൽ രണ്ടു തവണ വാഹനം ഓടിച്ചതായും പൊലീസ് ക്യാമറ പരിശോധിച്ച് കണ്ടെത്തി.


