കോട്ടയം: ദോഷം മാറാൻ വീട്ടിലെ സ്വർണം മാതാവിനെക്കൊണ്ട് മുത്തിക്കണമെന്നു വിശ്വസിപ്പിച്ച് പുതുപ്പള്ളി ഇരവിനല്ലൂരിലെ വീട്ടിൽ നിന്നും 12 പവൻ സ്വർണം കവർച്ച ചെയ്ത കേസിൽ ഒരു പ്രതി പിടിയിലായി. പാലാ കൊല്ലപ്പള്ളി കടനാട് തെരുവുമ്പറമ്പിൽ വീട്ടിൽ സജിത ഷെറീഫി (27)നെയാണ് കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ജൂലായ് 10 ന് വൈകിട്ട് നാലു മണിയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. പുതുപ്പള്ളി ഇരവിനല്ലൂരിലെ വീട്ടിലെത്തിയ രണ്ട് യുവതികൾ വീട്ടമ്മയോട് വീട്ടിലെ ദോഷങ്ങളുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഈ ദോഷം മാറുന്നതിനായി പൂജ നടത്തണമെന്നും, ഇതിനായി വീട്ടിലെ സ്വർണം മാതാവിനെക്കൊണ്ട് മന്ത്രിച്ച് മുത്തിക്കണമെന്നും അറിയിച്ചു.
ഇത് അനുസരിച്ച് ഇവർ സ്വർണം സോഫയിൽ അഴിച്ചു വച്ച സമയം പ്രതികൾ മോഷണം നടത്തുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. ദിവസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിൽ പ്രതിയെ പൊലീസ് സംഘം കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
There is no ads to display, Please add some