കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ കര്‍ഷക ഗ്രൂപ്പുകള്‍വഴി നടപ്പിലാക്കുന്ന ഒരു വീട്ടില്‍ ഒരു വാഴ പദ്ധതിയുടെ ബ്ലോക്കുതല ഉദ്ഘാടനം പ്രസിഡന്‍റ് അജിത രതീഷ് നിര്‍വഹിച്ചു.

കുടുംബശ്രീ കര്‍ഷക ഗ്രൂപ്പുകള്‍വഴി 10 ലക്ഷം രൂപയുടെ നാടന്‍ നേന്ത്രവാഴ വിത്തുകളും അഞ്ചുലക്ഷം രൂപയുടെ ചേന, ചേമ്ബ്, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍ എന്നിവയുടെ മേല്‍ത്തരം വിത്തുകളുമാണ് വിതരണം ചെയ്യുന്നത്. ബ്ലോക്കിന്‍റെ പരിധിയില്‍ വരുന്ന എരുമേലി, മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കല്‍, പാറത്തോട്, മണിമല, കാഞ്ഞിരപ്പള്ളി എന്നീ പഞ്ചായത്തുകളിലായി 170ല്‍പരം കുടുംബശ്രീ കര്‍ഷകഗ്രൂപ്പുകള്‍ വഴി ഈ പദ്ധതി നടപ്പില്ലാക്കുന്നത്.

ഏകദേശം 55,000 വാഴവിത്തുകളും 8,000 കിലോഗ്രാം കിഴങ്ങ് വിളകളുടെ വിത്തുകളും വിതരണം ചെയ്യും. 10 മാസം കഴിയുമ്ബോള്‍ മൂന്നു ലക്ഷം കിലോ നേന്ത്രക്കുലയും 25,000 കിലോ കിഴങ്ങുവിളകളുടെയും ഉത്പാദനമാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പൂര്‍ണമായും സൗജന്യമായിട്ടാണ് കര്‍ഷകര്‍ക്ക് അവരുടെ വീട്ടുപടിക്കല്‍ ഇവ ലഭ്യമാക്കുന്നത്.

ക്ഷീര കര്‍ഷകര്‍ക്ക് കറവയന്ത്രത്തിന് 30,000 രൂപയുടെ സൗജന്യവും കാലീത്തിറ്റയ്ക്ക് 50 ശതമാനം സബ്സിഡിയും പാലിന് ലിറ്ററിന് മൂന്ന് രൂപ സബ്സിഡിയും ബ്ലോക്കില്‍നിന്നു നല്‍കിവരുന്നു. കൂടാതെ ക്ഷീരകര്‍ഷകര്‍ക്ക് രണ്ടു ലക്ഷം രൂപയുടെ റിവോള്‍വിംഗ് ഫണ്ടും ലഭ്യമാക്കുന്നുണ്ട്.

ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍റഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷക്കീല നസീര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം സിന്ദു സോമന്‍, കൃഷി അസിസ്റ്റന്‍റ് ഷൈന്‍ ജെ. ഇടത്തൊട്ടി, കുടുംബശ്രീ വൈസ് ചെയര്‍പേഴ്സണ്‍ കെ.എന്‍. സരസമ്മ, പിവൈഎംഎ വായനശാലാ സെക്രട്ടറി കെ.ബി. സാബു, വനിതാവേദി പ്രസിഡന്‍റ് വല്‍സമ്മ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You missed