പ്രമുഖ യുട്യൂബറുടെ വീട്ടിലെ സിസി ടിവി ഹാക്ക് ചെയ്ത് നഗ്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയകളിലൂടെ പുറത്തുവിട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ്.21 കാരനായ യുവാവിന്റെ മുംബൈയിലെ ബാന്ദ്രയിലെ വീട്ടിലെ കിടപ്പുമുറിയിൽ സ്ഥാപിച്ച സിസി ടിവി ക്യാമറയാണ് അജ്ഞാതൻ ഹാക്ക് ചെയ്ത് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഒരു സുഹൃത്ത് വിളിച്ച് പറഞ്ഞപ്പോഴാണ് വിവരം അറിഞ്ഞതെന്നും ഉടൻ തന്നെ പൊലീസിനെ സമീപിച്ചെന്നും യുവാവ് പറഞ്ഞു.

നവംബർ 17നാണ് സിസി ടിവി ക്യാമറകൾ ഹാക്ക് ചെയ്‌തത്‌. എന്നാൽ ഡിസംബർ ഒൻപതിന് നഗ്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം അറിഞ്ഞതെന്ന് യുവാവിൻ്റെ പരാതിയിൽ പറയുന്നു. ഡിസംബർ ഒൻപതിന് ഒരു സുഹൃത്ത് വിളിച്ചാണ് താൻ വസ്ത്രം മാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി അറിയിച്ചത്. തുടർന്ന് താൻ വീഡിയോ പരിശോധിച്ചപ്പോഴാണ് അത് തന്റെ മുറിയിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞത്. മണിക്കൂറുകൾക്ക് ശേഷം എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നഗ്ന ക്ലിപ്പ് ഷെയർ ചെയ്യുകയും വൈറലാവുകയും ചെയ്യുകയായിരുന്നു.

തന്നെ അപകീർത്തിപ്പെടുത്താൻ ചിലർ നടത്തിയ ശ്രമമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും യുവാവ് പറഞ്ഞു.സംഭവത്തിൽ യുവാവിൻ്റെ പരാതി ലഭിച്ചിട്ടുണ്ട്. വിശദമായി അന്വേഷിക്കുകയാണ്. യുവാവുമായി പരിചയമുള്ള ആരോ ആണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഹാക്കർ തന്റെ വ്യാജ ഇൻസ്റ്റാഗ്രാം, ടെലിഗ്രാം അക്കൗണ്ടുകളിലൂടെയാണ് വീഡിയോ പുറത്തുവിട്ടതെന്നും ഐപി വിലാസങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *