ന്യൂഡൽഹി: പ്രമുഖ സംഗീതജ്ഞയും കലാധ്യാപികയുമായ പ്രഫ. ലീല ഓംചേരി (94) അന്തരിച്ചു. പ്രഫ. ഓംചേരി എൻ.എൻ.പിള്ളയുടെ ഭാര്യയാണ്. 2008ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു.ബുധാനാഴ്ച വൈകിട്ടോടെ ഡൽഹി അശോക് വിഹാറിലെ വീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യത്തെ നേരിട്ടതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.
ക്ലാസിക്കൽ കലാരൂപങ്ങളെക്കുറിച്ചുള്ള നിരവധി ഗവേഷണഗ്രന്ഥങ്ങളുടെ രചയിതാവാണ്.കർണാടകസംഗീതം, ഹിന്ദുസ്ഥാനി സംഗീതം, സോപാനസംഗീതം, നാടൻ പാട്ടുകൾ, നൃത്തം എന്നിവയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. കർണാടകസംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ബിരുദവും ഡൽഹി സർവ്വകലാശാലയിൽ നിന്ന് എം.എ, പിഎച്ച്.ഡി എന്നിവയും നേടി.