നടനും ടെലിവിഷൻ അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരാകുന്നു. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു.രണ്ടുപേരുടേയും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം നടന്നത്. ഗോവിന്ദ് പത്മസൂര്യ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.


‘ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇത് നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിർദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങൾ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെ ആണ് ചേർത്തുപിടിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊർജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാൽവെപ്പിൽ നിങ്ങളുടെ എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെസസ്നേഹം, ഗോവിന്ദ് പത്മസൂര്യ, ഗോപിക അനിൽ’, ഗോവിന്ദ് പത്മസൂര്യ ഫെയ്സ്ബുക്കിൽ കുറിച്ചു.


ടെലിവിഷൻ പ്രോഗ്രാമിലെ അവതാരകനായി ജനപ്രിയനായ ഗോവിന്ദ് പത്മസൂര്യ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രേതം, 32-ാം അധ്യായം 23-ാം വാക്യം, നീരജ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. സാന്ത്വനം എന്ന സീരിയലിലൂടെ ജനപ്രിയയാണ് ഗോപിക അനിൽ.