കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി മിനി സിവിൽസ്റ്റേഷന് സമീപം കാർ ടെലഫോൺ പോസ്റ്റിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. കട്ടപ്പന സ്വദേശിയായ പയ്യമ്പള്ളിവീട്ടിൽ അമ്മിണി മാത്യു ആണ് മരിച്ചത്.
ചൊവ്വാഴ്ച വെളുപ്പിനെ നാലരയോടെയായിരുന്നു സംഭവം. രോഗബാധിതയായ അമ്മിണിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം തിരികെ കട്ടപ്പനയിലെ വീട്ടിലേക്ക് കൊണ്ടുപോകവെയാണ് അപകടം.

ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ അമ്മിണിയെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാരമായി പരിക്കേറ്റ അമ്മിണിയുടെ മകൾ ബ്ലെസ്സി ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനം ഓടിച്ചിരുന്ന മകൻ ജേക്കബിന് പരിക്കുകൾ ഒന്നുമില്ല.
ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി അപകട സ്ഥലത്ത് നിന്നും വാഹനം നീക്കി.

