കോടാലിയില്‍ പാമ്പ് കടിയേറ്റ് കുട്ടി മരിച്ചു. എട്ടു വയസുകാരന്‍ ആല്‍ജോയാണ് മരിച്ചത്. ആല്‍ജോയുടെ സഹോദരന്‍ അനോജ് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയണയ്ക്കടിയില്‍ കിടന്നിരുന്ന പാമ്പാണ് കടിച്ചത്. ഇന്നലെ രാത്രി രണ്ടുമണിയോടെയാണ് സംഭവം. കുട്ടികള്‍ ഒരുമിച്ച് ഒരുമുറിയിലാണ് കിടന്നിരുന്നത്.

രാത്രി ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടക്കത്തില്‍ ഇത് ഭക്ഷ്യവിഷബാധയാകാമെന്നാണ് മാതാപിതാക്കള്‍ കരുതിയത്. ഇരുവരും അവക്കാഡോ ജ്യൂസ് കുടിച്ചാണ് കിടന്നത്. ഉടന്‍ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇരുവരെയും എത്തിച്ചു. പരിശോധനയില്‍ ഇത് ഭക്ഷ്യവിഷബാധയല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പാമ്പ് കടിയേറ്റതാണെന്ന് പറഞ്ഞ ഡോക്ടര്‍മാര്‍ ഇരുവരുടെയും ദേഹത്ത് കടിയേറ്റ പാടുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

ആശുപത്രിയില്‍ എത്തി നിമിഷങ്ങള്‍ക്കകം ആല്‍ജോയ്ക്ക് ജീവന്‍ നഷ്ടമായി. ഗുരുതരാവസ്ഥയിലായിരുന്ന ആല്‍ജോയുടെ മൂത്ത സഹോദരന്‍ പത്തുവയസുകാരന്‍ അനോജിനെ വിദഗ്ധ ചികിത്സയ്ക്കായാണ് അങ്കമാലിയിലെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയത്. പാമ്പ് കടിയേറ്റതാണെന്ന് അറിഞ്ഞ നാട്ടുകാരും ബന്ധുക്കളും വീട്ടില്‍ എത്തി പരിശോധിച്ചപ്പോഴാണ് തലയണയ്ക്കടിയില്‍ പാമ്പിനെ കണ്ടത്. ശംഖുവരന്‍ ഇനത്തില്‍പ്പെട്ട വിഷപ്പാമ്പാണ് കുട്ടികളെ കടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *