മുണ്ടക്കയം: ഓട്ടോറിക്ഷ തടഞ്ഞുനിർത്തി ഡ്രൈവറെയും യാത്രക്കാരായ സ്ത്രീകളെയും മർദ്ദിക്കുകയും വാഹനത്തിന്റെ ചില്ലുകൾ തല്ലിത്തകർക്കുകയും ചെയ്തതായി പരാതി. മുണ്ടക്കയം 10 സെന്റ് ഭാഗത്താണ് സംഭവം. യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ 10 സെന്റിന് സമീപം യുവാവ് തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഓട്ടോറിക്ഷയുടെ മുൻവശത്തെയും വശങ്ങളിലെയും ഗ്ലാസുകൾ തല്ലിത്തകർത്തു. അക്രമം തടയാൻ ശ്രമിച്ച ഡ്രൈവറെ മർദ്ദിച്ച് റോഡരികിലെ തിട്ടയിലേക്ക് തള്ളിയിടുകയും ചെയ്തു.

ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന സ്ത്രീകൾക്കും മർദ്ദനമേറ്റു. സ്ത്രീകളുടെ നിലവിളി കേട്ട് പ്രദേശവാസികളും വഴിയാത്രക്കാരും സ്ഥലത്തെത്തിയതോടെ യുവാവ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായാണ് വിവരം. പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരായ സ്ത്രീകളെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മുണ്ടക്കയം പോലീസ് അന്വേഷണം ആരംഭിച്ചു. അക്രമിയെ കണ്ടെത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.


