സംസ്ഥാനത്ത് സ്‌കൂള്‍ തുറന്നതോടെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും റോഡ് നിയമങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന കുറിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. റോഡ് മുറിച്ചുകടക്കാന്‍ സീബ്രാ ക്രോസിങ്, റോഡിലൂടെ നടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സ്‌കൂള്‍ ബസിലെ സുരക്ഷ, പാര്‍ക്ക് ചെയ്തിരിക്കുന്ന വലിയ വാഹനങ്ങളുടെയോ ബസുകളുടെയോ മുന്നിലോടെയോ പിന്നിലോടെയോ ആയി റോഡ് ക്രോസ് ചെയ്യരുത് തുടങ്ങിയവവ അടങ്ങുന്നതാണ് നിര്‍ദേശങ്ങള്‍.

ആദ്യക്ഷരങ്ങളോടൊപ്പം റോഡ് സുരക്ഷയുടെ ആദ്യാക്ഷരങ്ങളും കുഞ്ഞുങ്ങള്‍ പഠിക്കട്ടെ!

1.എപ്പോഴും ഫുട്പാത്ത് ഉപയോഗിക്കുക: റോഡിലൂടെ നടക്കുമ്പോള്‍ എപ്പോഴും ഫുട്പാത്തിലൂടെ മാത്രം നടക്കുക. ഫുട്പാത്ത് ഇല്ലാത്ത റോഡുകളില്‍ വലതുവശം ചേര്‍ന്ന് (എതിരെ വരുന്ന വാഹനങ്ങളെ മുഖാമുഖം കണ്ട്) വരിവരിയായി നടക്കാന്‍ ശ്രദ്ധിക്കുക.

2. റോഡ് മുറിച്ചുകടക്കാന്‍ സീബ്രാ ക്രോസിംഗ്: റോഡ് മുറിച്ചുകടക്കേണ്ടി വരുമ്പോള്‍ എപ്പോഴും സീബ്രാ ക്രോസിംഗ് (ദലയൃമ ഇൃീശൈിഴ) മാത്രം ഉപയോഗിക്കുക. സിഗ്‌നലുകളോ ട്രാഫിക് പോലീസോ ഉള്ള സ്ഥലങ്ങളില്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.3.

3. ഇടത്തോട്ടും വലത്തോട്ടും നോക്കുക: സീബ്രാ ക്രോസിംഗിലൂടെ റോഡ് മുറിച്ചുകടക്കുന്നതിന് മുന്‍പ് ആദ്യം വലത്തോട്ടും, പിന്നീട് ഇടത്തോട്ടും, വീണ്ടും വലത്തോട്ടും നോക്കി വാഹനങ്ങള്‍ വരുന്നില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം നടക്കുക.

4. ഓടരുത്, നടക്കുക: റോഡ് മുറിച്ചുകടക്കുമ്പോഴോ റോഡിലൂടെ നടക്കുമ്പോഴോ യാതൊരു കാരണവശാലും ഓടരുത്. പരിഭ്രമമില്ലാതെ നേരെ നടന്ന് റോഡ് മുറിച്ചുകടക്കുക.

5. മൊബൈല്‍ ഫോണും ഇയര്‍ഫോണും ഒഴിവാക്കുക: റോഡിലൂടെ നടക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ഇയര്‍ഫോണ്‍ വെച്ച് പാട്ട് കേള്‍ക്കുന്നതും പൂര്‍ണ്ണമായും ഒഴിവാക്കുക. ഇത് വാഹനങ്ങളുടെ ഹോണ്‍ ശബ്ദം കേള്‍ക്കാതിരിക്കാന്‍ കാരണമാകും.6.

6. പാര്‍ക്ക് ചെയ്തിരിക്കുന്ന വലിയ വാഹനങ്ങളുടെയോ ബസുകളുടെയോ മുന്നിലോടെയോ പിന്നിലോടെയോ ആയി റോഡ് ക്രോസ് ചെയ്യരുത്. വലിയ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് പെട്ടെന്ന് കുട്ടികളെ കാണാന്‍ കഴിഞ്ഞെന്ന് വരില്ല.

7. സ്‌കൂള്‍ ബസിലെ സുരക്ഷ: സ്‌കൂള്‍ ബസ് പൂര്‍ണ്ണമായി നിര്‍ത്തുന്നതിന് മുന്‍പ് അതില്‍ കയറാനോ ഇറങ്ങാനോ ശ്രമിക്കരുത്. ബസിനുള്ളില്‍ യാത്ര ചെയ്യുമ്പോള്‍ കൈകളോ തലയോ ജനലിലൂടെ പുറത്തേക്കിടരുത്.8.

8. റോഡിലെ കളി അരുത്: സ്‌കൂള്‍ വിട്ടുകഴിഞ്ഞാല്‍ കൂട്ടുകാരോടൊപ്പം റോഡില്‍ വെച്ച് കളിക്കുകയോ, പരസ്പരം തള്ളുകയോ ചെയ്യരുത്. ശ്രദ്ധ തിരിയുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകാം.

9. തിളക്കമുള്ള വസ്ത്രങ്ങള്‍/ബാഗുകള്‍: മഴക്കാലത്തോ കനത്ത മഞ്ഞുള്ളപ്പോഴോ ഇരുട്ടുള്ള സമയത്തോ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെടാന്‍ പാകത്തിലുള്ള തിളക്കമുള്ള (Bright/Reflective) വസ്ത്രങ്ങളോ സ്‌കൂള്‍ ബാഗുകളോ ഉപയോഗിക്കുന്നത് സുരക്ഷിതമായിരിക്കും.

10. അപരിചിതരുടെ വാഹനം: പരിചയമില്ലാത്ത ആളുകള്‍ വാഹനം നിര്‍ത്തി ലിഫ്റ്റ് തരാമെന്ന് പറഞ്ഞാല്‍ യാതൊരു കാരണവശാലും അതില്‍ കയറരുത്. ഈ വിവരം അപ്പോള്‍ തന്നെ അധ്യാപകരെയോ മാതാപിതാക്കളെയോ അറിയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *