കാറിന് തീ പിടിച്ചു ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആസൂത്രിക കൊലപാതകമാണെന്ന് സംശയിക്കുന്നതായും യുവതിയുടെ കുടുംബം. അന്വേഷണം നടക്കുന്നുണ്ടെങ്കിലും കാറിന് എങ്ങനെ തീ പിടിച്ചു എന്ന് കണ്ടെത്താന്‍ ആയില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വയറിങ്ങിന് തകരാര്‍ കണ്ടെത്താനായില്ല. ഇന്ധന ടാങ്കിന് ചോര്‍ച്ച ഇല്ലെന്നുമാണ് കണ്ടെത്തല്‍. കാറിന്റെ പിറകില്‍ നിന്നാണ് തീ പടര്‍ന്നത്. കാരണം കണ്ടെത്താന്‍ പരിശോധന തുടരും. ഫോറന്‍സിക് സംഘത്തിന്റെ പരിശോധന തുടരുന്നു.

ചെറുവണ്ണൂര്‍ കക്കറമുക്ക് എന്ന സ്ഥലത്ത് വെച്ചാണ് കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ചെറുവണ്ണൂര്‍ പുത്തന്‍ ചാലില്‍ രജിന്‍ ലാലിന്റെ ഭാര്യ, ഏഴുമാസം ഗര്‍ഭിണിയായ സോന പൊള്ളലേറ്റ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രജിന്‍ലാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.2016 മോഡല്‍, പെട്രോള്‍ കാറിന്റെ പിന്‍വശത്തു നിന്നാണ് തീ ഉയര്‍ന്നത്. ശബ്ദവും ഉണ്ടായിരുന്നു. മുന്‍വശത്തേക്ക് തീ കാര്യമായി പടര്‍ന്നിട്ടില്ല.

പെട്രോള്‍ ടാങ്കുമായി ബന്ധപ്പെട്ട ലീക്കോ മറ്റ് പ്രശ്‌നങ്ങളോ ആയിരിക്കാം അപകടകാരണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യത്തില്‍ വിശദമായ പരിശോധന വേണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നത്. കത്തിയ കാറില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *