മുണ്ടക്കയം: ചികിത്സയ്ക്കെത്തിയ രോഗിക്ക് സർക്കാർ ആശുപത്രിയിൽ നിന്നും കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. മുണ്ടക്കയം സർക്കാർ ആശുപത്രിയിലെ ഫാർമസിയിൽ നിന്നുമാണ് 3 മാസം മുൻപ് കാലാവധി (എക്സ്പയറി ഡേറ്റ്) കഴിഞ്ഞ മരുന്ന് വിതരണം ചെയ്തത്. സംഭവത്തിൽ അധികൃതരുടെ ഗുരുതരമായ അനാസ്ഥ ചൂണ്ടിക്കാട്ടി രോഗിയുടെ മാതാപിതാക്കൾ പരാതി നൽകി.
കടുത്ത ചുമയും ജലദോഷവും ബാധിച്ചതിനെ തുടർന്നാണ് 20 വയസുകാരിയായ പെൺകുട്ടി മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ഡോക്ടർ പരിശോധിച്ച ശേഷം കുറിച്ചുനൽകിയ മരുന്ന് ഇവർ ആശുപത്രിയിലെ ഫാർമസിയിൽ നിന്നും തന്നെ വാങ്ങി മടങ്ങുകയായിരുന്നു.എന്നാൽ വീട്ടിലെത്തിയ ശേഷം മരുന്ന് കഴിക്കുന്നതിന് മുൻപായി പെൺകുട്ടി ഇതിന്റെ തിയതി പരിശോധിച്ചപ്പോഴാണ് വലിയൊരു വീഴ്ച പുറത്തുവന്നത്.
കഴിഞ്ഞ ഫെബ്രുവരി മാസം തന്നെ നൽകിയ മരുന്നിന്റെ കാലാവധി അവസാനിച്ചിരുന്നു. ശ്രദ്ധിക്കാതെ ഈ മരുന്ന് കഴിച്ചിരുന്നെങ്കിൽ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകുമായിരുന്നു.തുടർന്നാണ് ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്ക് എതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയത്.

