കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ആരെന്ന ചര്‍ച്ച ശക്തമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അനുകൂലിച്ച് കണ്ണൂരില്‍ വീണ്ടും ഫ്ലക്സ്. ജില്ലയില്‍ രണ്ടിടങ്ങളിലാണ് ഫ്ലക്സ് ബോര്‍ഡുകള്‍ പ്രതിക്ഷപ്പെട്ടത്.’നാടിന്റെ കരുത്തിന് നട്ടെല്ലുളള നേതൃത്വം’ എന്ന വാചകത്തോടെയാണ് ഫ്ലക്സ് ബോര്‍ഡ്. കാടാച്ചിറയിലെ യൂത്തന്മാര്‍ എന്ന പേരിലാണ് കാടാച്ചിറയില്‍ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത്. ആയിരം തെരഞ്ഞെടുപ്പുകള്‍ തോറ്റാലും ഒരു വര്‍ഗീയ വാദിയുടെ വോട്ടുപോലും ഞങ്ങള്‍ക്ക് വേണ്ടെന്നും ഫ്ലക്സ് ബോര്‍ഡില്‍ എഴുതിയിട്ടുണ്ട്.

ശനിയാഴ്ച്ച രാത്രി മട്ടന്നൂര്‍ നഗരത്തിലും ഫ്ലക്സ് ബോര്‍ഡുയര്‍ന്നിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ നേരത്തെയും വി ഡി സതീശനെ അനുകൂലിച്ച് ഫ്ളക്സ് ബോര്‍ഡ് ഉയര്‍ന്നിരുന്നു. നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങള്‍ എന്നായിരുന്നു ഫ്ലക്സിലെ വാചകം. ശ്രീകണ്ഠപുരം കൊട്ടൂര്‍വയല്‍ ബസ് സ്റ്റോപ്പിന് സമീപത്താണ് ഫ്ലക്സ് ബോര്‍ഡ് വെച്ചത്. കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരിലാണ് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചത്.

സംസ്ഥാനത്ത് നിരവധിയിടങ്ങളില്‍ വി ഡി സതീശനായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി, എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ , കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവരുടെ തട്ടകമാണ് കണ്ണൂര്‍. അവിടെയാണ് വി ഡി സതീശനെ അനുകൂലിക്കുന്ന ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *