മൈസൂരുവിലെ മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കു നല്‍കുന്നത് വൃത്തിഹീനമായ ഭക്ഷണമെന്ന് പരാതി. ഹോസ്റ്റലുകളിലെ ഭക്ഷണത്തില്‍ തൂവലും ചോരയും പാറ്റകളെയും കണ്ടതായി വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയിലുണ്ട്. പ്രശ്‌നമുന്നയിച്ചാല്‍ കടുത്തശിക്ഷാ നടപടിയുണ്ടാകുമെന്ന ഭീഷണി ഉണ്ടായതായും വിദ്യാര്‍ഥികള്‍ പറയുന്നു.
മൈസൂരുവിലെ അഞ്ച് ഹോസ്റ്റലുകളിലേക്ക് ഭക്ഷണമത്തിക്കുന്ന ഗ്ലോബല്‍ എജുക്കേഷന്‍ സര്‍വീസ് ഏജന്‍സിക്കെതിരായാണ് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്. ഉടമയും മലയാളിതന്നെ. പരാതിയെത്തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ മെസ് അടച്ചുപൂട്ടുകയും കണ്‍സള്‍ട്ടന്‍സിയുടെ ലൈസന്‍സ് റദ്ദ് ചെയ്യുകയും ചെയ്തു.
‘കോഴിക്കറിയില്‍നിന്നും തൂവലും ചോരയും കിട്ടും. ചപ്പാത്തിയില്‍നിന്ന് പ്ലാസ്റ്റിക് കിട്ടി. ചോറില്‍നിന്നും പാറ്റയേയും കിട്ടി’ പരാതിക്കാരിലൊരാള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് പുറത്തുനിന്നും ഭക്ഷണം കഴിക്കാനും അമനുവാദമില്ല. 80,000 രൂപയാണ് ഒരു വിദ്യര്‍ഥിയില്‍നിന്നും ഈടാക്കുന്ന മെസ് ഫീസ്.
ഭക്ഷണത്തെപ്പറ്റി പരാതി പറഞ്ഞാല്‍ ഇന്റേര്‍ണല്‍ മാര്‍ക്ക് കുറക്കുമെന്നും സര്‍ട്ടിഫിക്കേറ്റ് നല്‍കില്ലെന്നും ഭീഷണിപ്പെടുത്തുമെന്നും ശിക്ഷാ നടപടിയുണ്ടാകുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ശുചിമുറിയില്‍പോലും ഭക്ഷണം സൂക്ഷിക്കാറുണ്ടെന്നും പരാതിയിലുണ്ട്. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടായിട്ടില്ല.

