മുഖ്യമന്ത്രിയുടെ ചിത്രവും സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും ദുരുപയോഗം ചെയ്ത് സമൂഹമാധ്യമങ്ങൾ വഴി പുതിയ സാമ്പത്തിക തട്ടിപ്പിന് ശ്രമം. ജന്‍ ധന്‍ യോജന വഴി ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ എത്തും എന്ന് വ്യാജമായി പ്രചരിപ്പിച്ചാണ് തട്ടിപ്പുകാർ രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ 2014-ല്‍ ആവിഷ്‌കരിച്ച പദ്ധതിയുടെ പേര് പറഞ്ഞാണ് ജനങ്ങളെ കബളിപ്പിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോകളില്‍ ജന്‍ധന്‍ യോജന പ്രകാരം അക്കൗണ്ടുകളിലേക്ക് പണം ലഭിക്കുമെന്നും, അത് ലഭിക്കാനായി ഒപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നുമാണ് ആവശ്യപ്പെടുന്നത്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നവും മുഖ്യമന്ത്രിയുടെ ചിത്രവും പതിച്ച പേജ് തുറന്നുവരും. ഇതിൽ ആവശ്യപ്പെടുന്ന വ്യക്തിവിവരങ്ങൾ നൽകിയാൽ ഒരു ‘സ്‌ക്രാച്ച് ആന്റ് വിന്‍’ കൂപ്പണ്‍ ലഭിക്കും. ഇതിൽ അമർത്തുമ്പോൾ പണം അക്കൗണ്ടിലേക്ക് എത്തിയെന്ന രീതിയിലുള്ള വ്യാജ നോട്ടിഫിക്കേഷൻ വരികയും, തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യും.

ഈ കെണിയിൽ വീണ് വിവരങ്ങൾ നൽകിയാൽ അക്കൗണ്ടിലെ പണം നഷ്ടപ്പെടാൻ ഇടയാകും.കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചും സമാനമായ രീതിയിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമം നടന്നിരുന്നു. അന്ന് വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സൈബര്‍ പൊലീസ് സംഭവത്തിൽ ഇടപെടുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇത്തരം വ്യാജ ലിങ്കുകളിലും വാഗ്ദാനങ്ങളിലും വഞ്ചിതരാകരുതെന്നും ഒരു കാരണവശാലും ബാങ്ക് വിവരങ്ങൾ പങ്കുവെക്കരുതെന്നും അധികൃതർ കർശന മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *