മോഷണക്കുറ്റം ആരോപിച്ച് ആറാംക്ലാസുകാരനെ ബോര്‍ഡിങ് സ്‌കൂളില്‍ തലകീഴായി കെട്ടിത്തൂക്കിയെന്ന് പരാതി. പുനലൂര്‍ വെട്ടിത്തിട്ട ലിവിങ് വാട്ടര്‍ ബോര്‍ഡിങ് സ്‌കൂളിനെതിരെയാണ് ആരോപണം. 500 രൂപ മോഷ്ടിച്ചു എന്നാരോപിച്ച് കുട്ടിയെ പാചകക്കാരനും വാര്‍ഡനും ചേര്‍ന്ന് തലകീഴായി കെട്ടിത്തൂക്കിയെന്നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട സ്വദേശികളായ ലിജു കുമാര്‍, ടോം എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പാചകക്കാരന്റെ 500 രൂപ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം. പണം എടുത്തിട്ടില്ലെന്ന് കുട്ടി ആവര്‍ത്തിച്ചെങ്കിലും കേള്‍ക്കാന്‍ വാര്‍ഡനും പാചകക്കാരനും തയാറായില്ലെന്നും തലകീഴായി കെട്ടിത്തൂക്കി മര്‍ദിക്കാന്‍ ശ്രമിച്ചെന്നുമാണ് കുട്ടിയുടെ മൊഴി. രക്ഷിതാവിനെ വിളിച്ച് കുട്ടിയെ അധികൃതര്‍ തന്നെ വീട്ടിലേക്ക് അയച്ചിരുന്നു.

വീട്ടിലെത്തിയപ്പോഴാണ് മര്‍ദന വിവരം കുട്ടി പറയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് കുട്ടിയുടെ വൈദ്യപരിശോധന നടത്തി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ബിഎന്‍എസ് പ്രകാരവും പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *