തൃശൂര്‍ പൂരത്തിനു 20ന് കൊടിയേറ്റ്. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടിപാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും 20ന് കൊടിയേറും. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11നും 11.30 ഇടയ്ക്കാണു കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ കെട്ടി ദേശക്കാര്‍ ചേര്‍ന്ന് ഉയര്‍ത്തുന്നതാണു ചടങ്ങ്. കൊടിമരത്തിനായുള്ള കവുങ്ങ് നാളെ രാവിലെ 9ന് പാട്ടുരായ്ക്കല്‍ ജംക്ഷനില്‍ നിന്നു ക്ഷേത്രത്തിലേക്ക് ആഘോഷപൂര്‍വം എത്തിക്കും.

തുടര്‍ന്ന് പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ ആശാരി ഗൃഹത്തില്‍ സുന്ദരന്‍, സുഷിത്ത് എന്നിവര്‍ കവുങ്ങ് ചെത്തി മിനുക്കി കൊടിമരം നിര്‍മിക്കും. കൊടിയേറ്റ ശേഷം ഉച്ചയ്ക്കു 3ന് ക്ഷേത്രത്തില്‍ നിന്നു പൂരം പുറപ്പാട്. ഒരാനപ്പുറത്തുള്ള എഴുന്നള്ളിപ്പ് ഷൊര്‍ണൂര്‍ റോഡ് വഴി നായ്ക്കനാലിലെത്തും. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. പിന്നാലെ നായ്ക്കനാലില്‍ വച്ചുപിടിപ്പിച്ച ചെറിയ ആല്‍മരത്തിലും നടുവിലാലിലും തിരുവമ്പാടിയുടെ പൂരപ്പതാകകള്‍ ഉയരും. ശ്രീകൃഷ്ണന്റെയും ഭഗവതിയുടെയും സാന്നിധ്യം സൂചിപ്പിക്കുന്ന നീല നിറത്തിലും മഞ്ഞ നിറത്തിലുമുള്ള കൊടികളാണ് ഉയര്‍ത്തുക. തുടര്‍ന്ന് പൂരം പുറപ്പാട് വടക്കുന്നാഥ ശ്രീമൂലസ്ഥാനത്തേക്ക്. അവിടെ മേളം കലാശിച്ച ശേഷം നടുവില്‍ മഠത്തില്‍ ആറാട്ടും ക്ഷേത്രത്തിലേക്കു തിരിച്ചെഴുന്നള്ളത്തും നടക്കും.

പാറമേക്കാവ് ക്ഷേത്രത്തില്‍ 20ന് 11.30നാണ് പൂരം കൊടിയേറ്റ്. രാവിലെ 11ന് നടക്കുന്ന വലിയപാണിക്കു ശേഷം പുറത്തേക്ക് എഴുന്നള്ളിക്കുന്ന ഭഗവതിയെ സാക്ഷിയാക്കി ദേശക്കാര്‍ കൊടി ഉയര്‍ത്തും. ചെമ്പില്‍ കുട്ടനാശാരി നിര്‍മിച്ച കവുങ്ങിന്‍ കൊടിമരം ആല്‍, മാവ് ഇലകളും ദര്‍ഭപ്പുല്ലും ഉപയോഗിച്ചും അലങ്കരിക്കും. തുടര്‍ന്ന് സിംഹ മുദ്രയുള്ള കൊടിക്കൂറ കെട്ടിയാണ് കൊടിമരം ഉയര്‍ത്തുക. ഇതിനു ശേഷം ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടികള്‍ ഉയര്‍ത്തും.

പാറമേക്കാവ് കാശിനാഥന്‍ ഭഗവതിയുടെ തിടമ്പേറ്റും. തുടര്‍ന്ന് 5 ആനകളുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ്. ശേഷം വടക്കുന്നാഥ ക്ഷേത്രത്തിലെ ചന്ദ്രപുഷ്‌കരണി തീര്‍ഥക്കുളത്തില്‍ ആറാട്ടും നടക്കും. കണിമംഗലം ശാസ്താ ക്ഷേത്രം, ചെമ്പൂക്കാവ് കാര്‍ത്യായനി ക്ഷേത്രം, പനമുക്കുംപ്പിള്ളി ശാസ്താ ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രം, കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി ക്ഷേത്രം എന്നീ ഘടക ക്ഷേത്രങ്ങളിലും 20ന് രാവിലെയും വൈകിട്ടുമായി തൃശൂര്‍ പൂരം കൊടിയേറും.

ഏപ്രില്‍ 26നാണ് തൃശൂര്‍ പൂരം. തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദര്‍ശനത്തിനു 24ന് തുടക്കമാകും. ഇതോടൊപ്പം 24ന് രാത്രി 7ന് സാംപിള്‍ വെടിക്കെട്ടും നടക്കും. 25ന് നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി തെക്കേഗോപുര നടയിലൂടെ പുറത്തിറങ്ങുന്ന പൂരം വിളംബരം ചടങ്ങ്. 26ന് രാവിലെ ഘടക ക്ഷേത്രങ്ങളുടെ പൂരം വരവ്, മഠത്തില്‍വരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവയും പുലര്‍ച്ചെ പ്രധാന വെടിക്കെട്ടും. 27ന് പകല്‍പൂരവും തുടര്‍ന്നു ഉപചാരം ചൊല്ലല്‍. രാത്രി ആറാട്ടിനും മേളത്തിനും ശേഷം പൂരം കൊടിയിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *