പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തോട് സംസാരിക്കും. രാത്രി എട്ടരക്കാണ് അഭിസംബോധന. വനിത സംവരണ ഭേദഗതി പരാജയപ്പെട്ടതിനു പിന്നാലെയാണ് മോദിയുടെ അഭിസംബോധന. കേന്ദ്ര മന്ത്രിസഭ യോഗത്തിനൊപ്പം സുരക്ഷ സമിതി യോഗവും ഇന്ന് ചേർന്നു. ഇതിനു പിന്നാലെയാണ് മോദിയുടെ രാജ്യത്തോടുള്ള അഭിസംബധോന സംബന്ധിച്ച അറിയിപ്പ് വന്നത്. വനിത സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം മോദി നടത്തിയേക്കും, പ്രതിപക്ഷ നിലപാടിനെതിരെ വിമര്‍ശനവും ഉന്നയിച്ചേക്കും.

നരേന്ദ്ര മോദി സർക്കാർ കൊണ്ടു വന്ന വനിത സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ഇല്ലാതെ ഇന്നലെ പരാജയപ്പെട്ടു 298 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 230 പേർ എതിർത്തു. സർക്കാർ എല്ലാ നീക്കവും നടത്തിയിട്ടും പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് വനിത ബിൽ ഭേദഗതിയെ എതിർത്തു. ഇന്ത്യ സഖ്യത്തിലെ ഒരു കക്ഷിയും നിലപാട് മാറ്റിയില്ല. എൻഡിഎയ്ക്ക് പുറത്തുള്ള പാർട്ടികളുടെ പിന്തുണ സർക്കാരിന് കിട്ടിയില്ല. ആകെ സീറ്റുകൾ 850 ആയി ഉയർത്തുമ്പോൾ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം എത്രയെന്ന് വ്യക്തമാക്കുന്ന ഭേദഗതി കൊണ്ടുവരാം എന്ന് അമിത് ഷാ നിർദ്ദേശിച്ചെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല.

മണ്ഡല പുനർനിർണ്ണയത്തോടല്ല വനിത സംവരണത്തോടാണ് കോൺഗ്രസിൻറെ എതിർപ്പെന്ന് അമിത് ഷാ പറഞ്ഞു. ഒബിസി സംവരണത്തെ എന്നും എതിർത്ത ചരിത്രമാണ് കോൺഗ്രസിനെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഇന്ത്യ സഖ്യത്തിൽ ഭിന്നതയുണ്ടാക്കാം എന്ന സർക്കാരിൻറെ പ്രതീക്ഷയ്ക്കാണ് തിരിച്ചടിയേറ്റത്. പുറത്ത് വലിയ പ്രചാരണം തുടങ്ങാനാണ് ബിജെപി തീരുമാനം. ഇതാദ്യമായാണ് നരേന്ദ്ര മോദി സർക്കാരിൻറെ കാലത്തെ ഒരു ബില്ല് പാർലമെൻറിൽ പരാജയപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *