തനിക്ക് കുറേനാളുകളായി ഗന്ധം കിട്ടിയിരുന്നില്ലെന്ന് മമ്മൂട്ടി. ഇപ്പോള്‍ ഗന്ധം തിരിച്ചറിയാന്‍ തുടങ്ങിയതായും മമ്മൂട്ടി പറയുന്നുണ്ട്. കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷന്റെ വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. അസുഖബാധിതനായി ചികിത്സയിലായിരുന്ന മമ്മൂട്ടി ഈയ്യടുത്താണ് രോഗമുക്തി നേടി തിരികെ വന്നത്.

“ഞാന്‍ ഷൂട്ടിങ്ങിനിടെ ഒരാള്‍ക്ക് കാതില്‍ വെക്കാന്‍ ഒരു ശ്രവണ സഹായി വാങ്ങിച്ചു കൊടുത്തിരുന്നു. അയാളത് കുറച്ചുനേരം വച്ചിട്ട് എടുത്തെറിഞ്ഞു കളഞ്ഞു. കാരണം ശബ്ദം എന്ന് പറയുന്ന അനുഭവം അയാള്‍ക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. ഒരു ഭീകരാവസ്ഥയിലേക്ക് അയാള്‍ പോയി. അയാള്‍ പിന്നീടൊരിക്കലും ശ്രവണ സഹായി ഉപയോഗിച്ചിട്ടില്ല.” മമ്മൂട്ടി പറയുന്നു.

“കാഴ്ചയും കേള്‍വിയുമാണ് മനുഷ്യന് ഏറ്റവും കൂടുതല്‍ ആവശ്യം. ശ്വാസം വലിക്കുകയും വേണം. മണമില്ലെങ്കിലും ശ്വാസം വലിക്കാം. കുറേ കാലത്തേക്ക് എനിക്ക് ഇതൊന്നും ഇല്ലായിരുന്നു. ഇപ്പോള്‍ കുറച്ചായി കിട്ടിത്തുടങ്ങിയിട്ടുണ്ട്” എന്നാണ് മമ്മൂട്ടി പറയുന്നത്.

ചത്താ പച്ചയിലെ അതിഥി വേഷത്തിലാണ് മമ്മൂട്ടിയെ ഒടുവിലായി സ്‌ക്രീനില്‍ കണ്ടത്. പേട്രിയറ്റ് ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം. മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നയന്‍താര, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ഏപ്രില്‍ 23 നാണ് സിനിമയുടെ റിലീസ്.

Leave a Reply

Your email address will not be published. Required fields are marked *