അഹമ്മദാബാദ്: ഗുജറാത്തിൽ പാലം തകർന്ന് ഒമ്പത് പേർ മരിച്ചു. അഞ്ച് വാഹനങ്ങൾ നദിയിൽ വീണു. ആറ് പേർക്ക് പരിക്കേറ്റു. രണ്ട് ട്രക്കുകളും പിക്കപ്പ് വാനും മറ്റ് രണ്ട് വാഹനങ്ങളുമാണ് നദിയിൽ വീണത്. അപകടത്തിൽപ്പെട്ട മൂന്ന് പേരെ ഗ്രാമീണർ രക്ഷിച്ചു. എമർജൻസി ടീം ഉൾപ്പടെയുള്ളവർ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
മഹിസാഗർ നദിയിലെ ഗാംഭിറ പാലമാണ് തകർന്ന് വീണത്. മുജ്പൂരിൽ ബുധനാഴ്ച രാവിലെ ഏഴ് മണിക്കായിരുന്നു സംഭവം. സെൻട്രൽ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. ആനന്ദിനും വഡോദരക്കും ഇടയിലുള്ള പാലമാണ് തകർന്നതെന്നതിനാൽ ഇത് കടുത്ത പ്രതിസന്ധിയിലേക്കാണ് മഹാരാഷ്ട്രയെ തള്ളിവിടുക.
നിരവധിതവണ പാലത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് പരാതിപ്പെട്ടുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് ഗ്രാമീണർ പരാതിപ്പെട്ടു. പൊലീസ്, ഫയർഫോഴ്സ്, ദുരന്തനിവാരണസേന എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്. ദുരന്തത്തിന്റെ തീവ്രത വിലയിരുത്തി എത്രയും പെട്ടെന്ന് ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.