തൃശൂർ: നടി വിൻസി അലോഷ്യസിനോട് ക്ഷമ ചോദിച്ച് നടൻ ഷൈൻ ടോം ചാക്കോ. മനഃപൂർവ്വം ഒന്നും ഉദ്ദേശിച്ചിട്ടല്ല അങ്ങനെ പറഞ്ഞതെന്നും നടൻ പറഞ്ഞു. വിവാദങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ച് പങ്കെടുത്ത വേദിയിലായിരുന്നു ക്ഷമ ചോദിച്ചത്. ‘വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നു. നമ്മള്‍ ഓരോ നിമിഷവും ആളുകളെ രസിപ്പിക്കുവാൻ ഉദ്ദേശിച്ച് തമാശ രീതിയിൽ പറയുന്ന കാര്യങ്ങൾ ഒരുപക്ഷേ മറ്റുള്ളവരെ വിഷമിപ്പിച്ചേക്കാം.
എല്ലാവരും ഒരുപോലെയല്ല. ആളുകളെ കാണാനും അവരുടെ ആശയവുമെല്ലാം വ്യത്യസ്തമാണ്. ഒരേ കാര്യം അഞ്ച് പേര്‍ അഞ്ച് രീതിയിലാണ് എടുക്കുന്നത്. അത് പലപ്പോഴും എനിക്ക് മനസ്സിലായിരുന്നില്ല’, ഷൈൻ വിൻ സിയോട് പറഞ്ഞു. ഇരുവരും ഒന്നിച്ച അഭിനയിച്ച ‘സൂത്രവാക്യം’ സിനിമയുടെ പ്രമോഷനിടെയാണ് ഷൈൻ ക്ഷമാപണം നടത്തിയത്. ഷൈൻ വിൻസിയോട് ഇതേ സിനിമയുടെ സെറ്റിൽ വെച്ച് മോശമായി പെരുമാറിയെന്നും ലഹരി ഉപയോഗിച്ചെന്നും ആരോപിച്ചാണ് നടി പോലീസിൽ പരാതി നൽകിയത്.
‘കാര്യങ്ങളെല്ലാം ഷൈൻ സമ്മിതിക്കുന്നുണ്ട്. ഈ മാറ്റം കാണുമ്പോൾ ഇദ്ദേഹത്തോട് വലിയ ബഹുമാനം തോന്നുന്നു. ഞാനും പെർഫക്ട് ആയ വ്യക്തിയൊന്നുമല്ല. അനാവശ്യമായി ഷൈനിന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴച്ചു എന്നൊരു തോന്നൽ എനിക്കുണ്ട്. അത് ഒരു കുറ്റബോധത്തോടെ തന്നെ നിലനിൽക്കും’, വിൻസിയും ഇങ്ങനെയാണ് പ്രതികരിച്ചത്.