കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന സിനിമയുടെ നിര്‍മ്മാതാക്കൾ അറസ്റ്റിൽ. നടൻ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിർ, ഷോൺ ആൻറണി എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലിനു പിന്നാലെയാണ് നിർമ്മാക്കളുടെ അറസ്റ്റു രേഖപ്പെടുത്തിയത്. മൂവരെയും ജാമ്യത്തിൽ വിട്ടയച്ചു.
ഹൈക്കോടതി നേരത്തെ നിർമ്മാതാക്കൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കേസിൽ അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്നും പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശം നൽകിയിരുന്നു. ഇതുപരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.
കേസില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരെ മരട് പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനു പിന്നാലെയാണ് അറസ്റ്റിലേക്ക് പൊലീസ് നീങ്ങിയത്. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോൾ കോടതി നിർദേശിച്ചിരുന്നു.
ലാഭ വിഹിതം നൽകാമെന്ന കരാറിൽ പണം വാങ്ങി വഞ്ചിച്ചെന്ന മരട് സ്വദേശി സിറാജിൻ്റെ പരാതിയിലാണ് പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തത്. ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങൾ നേരത്തെ നിര്‍മ്മാതാക്കളുടെ പേരില്‍ ചുമത്തിയിരുന്നു. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്നാണ് പരാതി. 7 കോടി മുടക്കിയിട്ടും ലാഭവിഹിതമോ മുടക്കു മുതലോ നൽകിയില്ലെന്നാണ് പരാതിയിലെ ആരോപണം. ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. 225 കോടിലധികമാണ് സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ