തിരുവനന്തപുരം : ദേശീയ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കെഎസ്ആര്‍ടിസി-സിഐടിയു വിഭാഗം നേതാക്കള്‍. കെ എസ്ആര്‍ടിസി ജീവനക്കാര്‍ നാളെ നടക്കുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ വാദം തള്ളി യൂണിയനുകള്‍.

സമരത്തിന് നോട്ടീസ് നല്‍കിയിട്ടില്ലെന്ന് മന്ത്രി പറയുന്നത് ശരിയല്ല. കഴിഞ്ഞ 25 ന് നോട്ടീസ് നല്‍കിയതാണെന്നും സിഐടിയു നേതാക്കള്‍ ചൂണ്ടിക്കാട്ടി. പണിമുടക്ക് സംബന്ധിച്ച് മന്ത്രിക്ക് അല്ല നോട്ടീസ് നല്‍കേണ്ടത്. കെഎസ്ആര്‍ടിസി സിഎംഡിക്ക് നോട്ടീസ് നല്‍കിയിട്ടുള്ളതാണെന്നും സിഐടിയു അറിയിച്ചു.

സിഐടിയു സംഘടനയില്‍പ്പെട്ട ജീവനക്കാര്‍ ജോലിക്ക് ഹാജരാകില്ല. ദീര്‍ഘദൂര അവശ്യ സര്‍വീസുകള്‍ ഒഴിച്ചുള്ള സര്‍വീസുകള്‍ ഒന്നും ഉണ്ടാകില്ലെന്നും സിഐടിയു വ്യക്തമാക്കി.

ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നാളെ നടത്തുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ഐഎന്‍ടിയുസിയും അറിയിച്ചു. ഇടതു തൊഴിലാളി സംഘടകള്‍ സംയുക്തമായും ഐഎന്‍ടിയുസി പ്രത്യേകവുമായുമാണ് പണിമുടക്കുന്നത്. ദേശീയ പണിമുടക്കിന്റെ ഭാഗമായി നാളെ കേരളം സ്തംഭിക്കുമെന്ന് തൊഴിലാളി സംഘടനകള്‍ അവകാശപ്പെട്ടു. ബി എംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *