ന്യൂഡൽഹി: മെഡിക്കൽ കോളേജുകൾക്കും ഫാർമസി കോളജുകൾക്കും അംഗീകാരം നൽകുന്നതിൽ ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് രാജ്യത്തെ 40 മെഡിക്കൽ കോളജുകളിൽ സിബിഐ റെയ്ഡ്. 1300 കോടി രൂപയുടെ അഴിമതി നടന്നതായി സിബിഐ കണ്ടെത്തി. 50 ലക്ഷം രൂപയോളം പിടികൂടിയതായും വിവരം.
കർണാടക രാജസ്ഥാൻ ഛത്തീസ്ഗഡ് ഉത്തർപ്രദേശ് ഡൽഹി മധ്യപ്രദേശ് ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ കോളജുകളിലാണ് റെയ്ഡ് നടന്നത്. ഉദ്യോഗസ്ഥർ അടക്കം 36 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും വിവരം.
രഹസ്യ റെഗുലേറ്ററി വിവരങ്ങൾ അനധികൃതമായി പങ്കുവയ്ക്കൽ, നിയമപരമായ പരിശോധനാ പ്രക്രിയകളിൽ കൃത്രിമം കാണിക്കൽ, സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുകൂലമായ പരിഗണന ഉറപ്പാക്കാൻ വ്യാപകമായ കൈക്കൂലി എന്നിവ കേന്ദ്രീകരിച്ചാണ് ക്രിമിനൽ ഗൂഢാലോചന നടന്നതെന്ന് സിബിഐ ഉഗ്യോഗസ്ഥൻ പറഞ്ഞു.
ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, മുതിർന്ന ഉദ്യോഗസ്ഥരുടെ രഹസ്യ അഭിപ്രായങ്ങൾ ഉൾപ്പെടെയുള്ള ആഭ്യന്തര മന്ത്രാലയ ഫയലുകളുടെ ഫോട്ടോയെടുത്ത് സ്വകാര്യ മൊബൈൽ ഉപകരണങ്ങൾ വഴി സ്വകാര്യ കോളജുകളിൽ പ്രവർത്തിക്കുന്ന ഇടനിലക്കാർക്ക് കൈമാറിയതായി ആരോപിക്കപ്പെടുന്നു.