അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ 4 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പിതാവിന്റെ സഹോദരനെ തെളിവെടുപ്പിനായി മറ്റക്കുഴിയിലെ വീട്ടിലെത്തിച്ചു. പ്രതിക്കു നേരെ നാട്ടുകാരുടെ ഭാഗത്തുനിന്നു കയ്യേറ്റ ശ്രമമുണ്ടായി. സ്ത്രീകള്‍ അടക്കം സംഘടിച്ചാണ് വീടിനു മുന്നിലെത്തിയത്.
ജീപ്പില്‍നിന്ന് ഇറങ്ങിയ പ്രതിയെ മുഖം മറയ്ക്കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നതെന്നു ചോദിച്ചായിരുന്നു ആക്രോശം. പ്രതിയുടെ അടുത്ത ബന്ധുക്കള്‍ സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ കുട്ടിയുടെ പിതാവ് അടക്കമുള്ളവര്‍ വീട്ടിലുണ്ടായിരുന്നില്ല.

പൊലീസ് വളരെ പ്രയാസപ്പെട്ടാണ് തെളിവെടുപ്പ് നടത്തിയത്. അഞ്ച് മിനിറ്റ് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. പ്രദേശത്ത് പൊലീസും പ്രദേശവാസികളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിയെ ഇന്നലെയാണ് ചോദ്യം ചെയ്യാനായി പോക്‌സോ കോടതി 2 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇയാള്‍ മറ്റു കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോ എന്നറിയാനും സ്വഭാവ വൈകൃതങ്ങളെ കുറിച്ചു പരിശോധിക്കാനുമാണു പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.

തിങ്കളാഴ്ച പ്രതിയെ കോടതിയില്‍ തിരികെ ഹാജരാക്കും. അതേസമയം, കുട്ടിയുടെ അമ്മ ചെങ്ങമനാട് പൊലീസിന്റെ കസ്റ്റഡിയില്‍ തുടരുകയാണ്. വെള്ളിയാഴ്ച മൂഴിക്കുളം പാലത്തില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതിയുടെ പൊലീസ് കസ്റ്റഡി രണ്ടു ദിവസം കൂടി തുടരും. ആവശ്യം വന്നാല്‍ കസ്റ്റഡി നീട്ടാന്‍ പൊലീസ് പുതിയ അപേക്ഷ നല്‍കും.