സ്വന്തം ചെയർമാനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി കേരള കോൺഗ്രസ് (എം). പാലാ നഗരസഭ ചെയർമാൻ ഷാജു വി.തുരുത്തനെയാണു യുഡിഎഫ് സ്വതന്ത്രൻ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു കേരള കോൺഗ്രസ് (എം) പുറത്താക്കിയത്. മുൻധാരണ പ്രകാരം രാജി വയ്ക്കാത്തതിനാലാണു പാർട്ടി നടപടി.
എതിർപക്ഷം കൊണ്ടുവന്ന അവിശ്വാസത്തിലൂടെ സ്വന്തം പക്ഷത്തെ ചെയർമാനെ പുറത്താക്കുകയെന്ന അപൂർവതയാണു പാലായിൽ നടന്നത്. അവിശ്വാസം കൊണ്ടുവന്ന യുഡിഎഫ് ചർച്ചയിൽനിന്നു വിട്ടു നിന്നു. എന്നാൽ ഭരണപക്ഷത്തെ 14 പേർ വോട്ട് ചെയ്തതോടെ പ്രമേയം പാസായി. സിപിഎം പുറത്താക്കിയ കൗൺസിലർ ബിനു പുളിക്കക്കണ്ടം, ബിനുവിനൊപ്പം നിൽക്കുന്ന ഷീബ ജിയോ, ഷാജു വി.തുരുത്തൻ എന്നിവർ വോട്ടിങ്ങിന് എത്തിയില്ല. ഷാജു വി.തുരുത്തൻ ആശുപത്രിയിൽ ആയതിനാലാണു എത്താതിരുന്നത്.

