നടി കീർത്തി സുരേഷ് വിവാഹിതയാവുന്നുവെന്ന വാർത്തകൾ അടുത്തിടെയാണ് പുറത്തുവന്നത്. ഏറെക്കാലമായി സുഹൃത്തായി തുടരുന്ന ആന്റണി തട്ടിലിനെ ഡിസംബറിൽ വിവാഹം ചെയ്യാനൊരുങ്ങുകയാണെന്നായിരുന്നു റിപ്പോർട്ടുകൾ. കീർത്തിയുടെ പിതാവ് സുരേഷ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാൽ കീർത്തിയോ ആന്റണിയോ ഒന്നും ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലായിരുന്നു.

ഇപ്പോഴിതാ കേട്ട വാർത്തകൾ ശരിയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിൽ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിവാഹവാർത്തകളോട് താരം പ്രതികരിച്ചിരിക്കുന്നത്.
15 വർഷം, സ്റ്റിൽ കൗണ്ടിങ് എപ്പോഴും ആന്റണി കീർത്തി എന്നാണ് ആന്റണിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കീർത്തി കുറിച്ചത്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ഞാൻ സന്തോഷംകൊണ്ട് നൃത്തം വെക്കുകയാണ് എന്നായിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ കമന്റ്. തൃഷ, മാളവിക മോഹനൻ, നസ്രിയ, അപർണ ബാലമുരളി തുടങ്ങിയ താരങ്ങളെല്ലാം പോസ്റ്റിനു താഴെ കമന്റുമായി എത്തി. കീർത്തിയും ആന്റണിയും തമ്മിൽ 15 വർഷത്തെ സൗഹൃദമുണ്ടെന്ന അഭ്യൂഹങ്ങളെ സ്ഥിരീകരിക്കുന്നതാണ് കീർത്തിയുടെ പോസ്റ്റ്.
എഞ്ചിനീയറായ ആന്റണി ഇപ്പോൾ മുഴുവൻ സമയ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിൻഡോസ് സൊല്യൂഷൻ ബിസിനസ്സിന്റെ ഉടമ കൂടിയാണ് ആന്റണി.