കോൺഗ്രസ് പാർട്ടി വിട്ട ഡോ. പി സരിനെ ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി സിപിഎം ഇന്ന് പ്രഖ്യാപിച്ചേക്കും. വിഷയത്തിൽ തീരുമാനമെടുക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് യോഗം ചേരും. രാവിലെ പത്ത് മണിക്കാണ് സെക്രട്ടേറിയറ്റ് യോഗം. യോഗത്തിലെ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. ഇതിനു ശേഷമായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം.
സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെയാണ് സരിൻ കോൺഗ്രസ് വിട്ടത്. പിന്നാലെ പാലക്കാട് മണ്ഡലം ചുമതലയുള്ള എൻഎൻ കൃഷ്ണദാസ്, സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കൾ സരിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതിനിടെ പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രചാരണത്തിനു തുടക്കമിട്ടു. ഇന്നലെ മണ്ഡലത്തിലെത്തിയ രാഹുലിനെ പ്രവർത്തകർ സ്വീകരിച്ചു. പിന്നാലെ തുറന്ന ജീപ്പിൽ റോഡ് ഷോയും നടത്തി.
ബിജെപി സ്ഥാനാർഥിയേയും ഉടൻ പ്രഖ്യാപിച്ചേക്കും. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവർ ഇന്ന് ജില്ലയിൽ എത്തും.

