മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ സിപിഎമ്മിന് നല്‍കിയ പരാതി പുറത്തു വിട്ട് പി വി അന്‍വര്‍ എംഎല്‍എ. ശശിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി സര്‍ക്കാരിനെയും പാര്‍ട്ടിയേയും നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടു പോകുന്നതിന് ശശിയുടെ കഴിവും ശേഷിയും ഉപയോഗിക്കാമെന്നാണ് ശശിയെ നിയമിക്കുമ്പോള്‍ പാര്‍ട്ടി നേതൃത്വം കരുതിയിട്ടുണ്ടാകുക. എന്നാല്‍ ആ രാഷ്ട്രീയ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ശശി പരാജയപ്പെട്ടു എന്നു മാത്രമല്ല, സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് അന്‍വര്‍ ആരോപിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയതാല്‍പ്പര്യത്തോടൊപ്പം നില്‍ക്കുന്ന പൊലീസിലെ ഒരു വിഭാഗം ക്രിമിനലുകള്‍ക്കൊപ്പം ചേര്‍ന്നാണ് പാര്‍ട്ടിയേയും സര്‍ക്കാരിനെയും പ്രയാസത്തിലാക്കുന്നതും, സാധാരണ ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നും അകറ്റാനും ശ്രമിക്കുന്നത്. കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി സ്വര്‍ണം കടത്തുന്നവരെ പിടികൂടി പൊലീസിലെ ഒരു വിഭാഗം സ്വര്‍ണം അടിച്ചുമാറ്റുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറി അറിയാതെ പോയി എന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പിന്തുണ ഈ കൃത്യത്തിന് ഉണ്ടെന്നാണ് പറയപ്പെടുന്നത്. സുജിത് ദാസ് മൂന്നു വര്‍ഷം മലപ്പുറം എസ്പിയായിരിക്കെ 150 ഓളം കേസുകളാണ് ഇത്തര്തതില്‍ കൈകാര്യം ചെയ്തതെന്നും അന്‍വര്‍ കത്തില്‍ ആരോപിക്കുന്നു.

ഒരു എസ്പി ഒറ്റയ്ക്ക് വിചാരിച്ചാല്‍ ഇതു ചെയ്യാന്‍ കഴിയില്ല. എഡിജിപി എം ആര്‍ അജിത് കുമാരിന്റെ പിന്തുണയോടും സഹായത്തോടും കൂടിയാണ് ഇതു ചെയ്യുന്നത്. പൊളിറ്റിക്കല്‍ സെക്രട്ടറിക്കും ഇതിന്റെ പങ്ക് ലഭിക്കുന്നുണ്ടെന്നാണ് വര്‍ത്തമാനം. മുഖ്യമന്ത്രിയെ കാണാന്‍ വരുന്ന എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ തുടങ്ങിയവരെ, മുഖ്യമന്ത്രിയെ കാണാന്‍ സൗകര്യം ഒരുക്കി നല്‍കാതെ, കാര്യങ്ങള്‍ ഞാന്‍ പറഞ്ഞോളാം എന്നു പറഞ്ഞ് മടക്കി വിടുകയാണ് പി ശശി ചെയ്തുവരുന്നത്. താഴേക്കിടയിലുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി അറിയരുതെന്ന പി ശശിയുടെ നിഗൂഢ അജണ്ട പാര്‍ട്ടി ഗൗരവമായി പരിശോധിക്കണം.

വലിയ കച്ചവടക്കാര്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കത്തില്‍ ഇടനിലക്കാരനായി നിന്ന് പി ശശി ലക്ഷങ്ങള്‍ പാരിതോഷികം വാങ്ങുന്നുണ്ട്. ചില കേസുകളില്‍ രണ്ടു പാര്‍ട്ടിക്കാരും തമ്മില്‍ രഞ്ജിപ്പുണ്ടാക്കി ഇവര്‍ക്കിടയില്‍ കേന്ദ്രബിന്ദുവായി നിന്ന് കമ്മീഷന്‍ കൈപ്പറ്റുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതികളുമായി വരുന്ന കാണാന്‍ കൊള്ളാവുന്ന സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ പി ശശി വാങ്ങിവെക്കും. കേസന്വേഷണം എങ്ങനെ പോകുന്നുവെന്ന് അവരോട് പ്രത്യേകം അന്വേഷിക്കുകയും, ചിലരോട് ശൃംഗാരഭാവത്തില്‍ സംസാരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഫോണ്‍കോളുകള്‍ അവര്‍ എടുക്കാതായ പരാതിക്കാരി ഉണ്ടെന്നുള്ളതും അറിയാം. അതിനാല്‍ പി ശശി പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും താങ്ങാനാവാത്ത മാനക്കേടും നാണക്കേടും നേരിടേണ്ടി വരുമെന്നും അന്‍വര്‍ പരാതിക്കത്തില്‍ സൂചിപ്പിക്കുന്നു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed