ചെന്നൈ: തകർന്നടിഞ്ഞ ഇന്ത്യൻ ‘സ്‌ക്വാഡിനെ’ തോളിലേറ്റി വിജയത്തിലെത്തിച്ച രാഹുലിനും കോലിയ്ക്കും നന്ദി!!. ബാറ്റിങ് ദുഷ്കരമായ ചെപ്പോക്കിൽ ചിരവൈരികളായ ഓസ്ട്രേലിയയ്ക്കെതിരേ ധൈര്യത്തോടെ പൊരുതി നിന്ന് അവരെ തറപറ്റിച്ചതിന്.

ഏകദിന ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം. അർധസെഞ്ചുറി നേടിയ കോലിയും രാഹുലും തകർപ്പൻ പ്രകടനം പുറത്തെടുത്ത ബൗളർമാരും ചേർന്നാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.

ഓസീസ് ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം ഇന്ത്യ 41.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. കോലി 116 പന്തിൽനിന്ന് 85 റൺസ് നേടിയപ്പോൾ രാഹുൽ 115 പന്തിൽനിന്ന് 97 റൺസ് നേടി പുറത്താകാതെ നിന്നു. ഓസ്ട്രേലിയയ്ക്കായി ജോഷ് ഹെയ്സൽവുഡ് 3 വിക്കറ്റു വീഴ്ത്തി.

ഓസീസ് ഉയർത്തിയ 200 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇന്ത്യ തുടക്കത്തിൽ തന്നെ വമ്പൻ തിരിച്ചടി നേരിട്ടു. ടീം സ്കോർ വെറും രണ്ട് റൺസിലെത്തിയപ്പോഴേക്കും മൂന്ന് മുൻനിര ബാറ്റർമാർ കൂടാരം കയറി. ഇഷാൻ കിഷൻ (0), രോഹിത് ശർമ (0), ശ്രേയസ് അയ്യർ (0) എന്നിവരാണ് പുറത്തായത്. കിഷനെ സ്റ്റാർക്കും രോഹിത്തിനെയും ശ്രേയസ്സിനെയും ഹെയ്സൽവുഡും പുറത്താക്കി. ഇതോടെ ഇന്ത്യ പതറി.

എന്നാൽ നാലാം വിക്കറ്റിൽ ക്രീസിലൊന്നിച്ച വിരാട് കോലിയും കെ.എൽ.രാഹുലും ചേർന്ന് വലിയ തകർച്ചയിൽ നിന്ന് ടീമിനെ രക്ഷിച്ചു. ഓരോ പന്തും അതീവ ശ്രദ്ധയോടെ കളിച്ച ഇരുവരും ചേർന്ന് ടീം സ്കോർ 100 കടത്തി. പിന്നാലെ കോലിയും രാഹുലും അർധസെഞ്ചുറി നേടി. ഇരുവരുടെയും നിർണായകമായ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് തുണയായത്.
There is no ads to display, Please add some