ബ്രസൽസ്: ബെല്‍ജിയം സൂപ്പര്‍ താരം ഏഡന്‍ ഹസാര്‍ഡ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. 32-ാംവയസിലാണ് ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരിലൊരാളായ ഹസാര്‍ഡ് ബൂട്ടഴിക്കുന്നത്. കരിയർ അവസാനിപ്പിക്കാൻ ശരിയായ സമയം ഇതാണെന്നു കരുതുന്നതായി ഹസാഡ് ഇന്‍സ്റ്റഗ്രാമിൽ പ്രതികരിച്ചു.

‘നിങ്ങള്‍ നിങ്ങളെത്തന്നെ ശ്രദ്ധിക്കുക. എന്നിട്ട് ശരിയായ സമയമാകുമ്പോള്‍ നിര്‍ത്താന്‍ പറയുക. ഏതാണ്ട് 700ഓളം മത്സരങ്ങള്‍ കളിച്ച 16 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. എന്റെ സ്വപ്‌നം ഞാന്‍ സാക്ഷാത്കരിച്ചു. ലോകമെമ്പാടുമുള്ള നിരവധി പിച്ചുകളില്‍ കളിക്കാനും ആസ്വദിക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്റെ കരിയറില്‍ മികച്ച പരിശീലരെയും ടീമംഗങ്ങളെയും കണ്ടുമുട്ടാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഞാന്‍ നിങ്ങളെ എല്ലാവരേയും മിസ്സ് ചെയ്യും’, ഇന്‍സ്റ്റഗ്രാമില്‍ വൈകാരിക കുറിപ്പില്‍ ഹസാര്‍ഡ് പറഞ്ഞു.

‘ഞാന്‍ മത്സരിച്ചിട്ടുള്ള ക്ലബ്ബുകള്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ലോസ്‌ക് ലില്ലെ, ചെല്‍സി, റയല്‍ മാഡ്രിഡ്, പിന്നെ ബെല്‍ജിയന്‍ ദേശീയ ടീമിലേക്ക് എന്നെ തിരഞ്ഞെടുത്ത റോയല്‍ ബെല്‍ജിയന്‍ ഫുട്‌ബോള്‍ അസോസിയേഷനും (ആര്‍ബിഎഫ്എ) നന്ദി അറിയിക്കുന്നു. എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഉപദേശകര്‍ക്കും നല്ല സമയത്തും മോശം സമയത്തും എന്റെ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി. അവസാനമായി ഇത്രയും കാലം എന്നെ പിന്തുടര്‍ന്ന ഞാന്‍ കളിച്ച എല്ലായിടത്തും എന്നെ പ്രോത്സാഹിപ്പിച്ച എന്റെ ആരാധകര്‍ക്കും വലിയ നന്ദി’, ഹസാര്‍ഡ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ‘ഇപ്പോള്‍ എന്റെ പ്രിയപ്പെട്ടവരുടെ കൂടെയുള്ള സമയം ആസ്വദിക്കാനും പുതിയ അനുഭവങ്ങള്‍ നേടാനുമുള്ള സമയമാണ്. മൈതാനത്തിന് പുറത്ത് ഉടന്‍ കാണാം സുഹൃത്തുക്കളെ’, ഹസാര്‍ഡ് ഇങ്ങനെ പറഞ്ഞവസാനിപ്പിച്ചു.

ഫ്രഞ്ച് ക്ലബ്ബായ ലില്ലെയില്‍ കരിയറാരംഭിച്ച ഹസാര്‍ഡ് 149 മത്സരങ്ങളില്‍ നിന്ന് 50 ഗോളുകള്‍ അടിച്ചുകൂട്ടിയിരുന്നു. പിന്നീട് 2012ല്‍ 32 ദശലക്ഷം പൗണ്ടിനാണ് ചെല്‍സി ഹസാര്‍ഡിനെ ടീമിലെത്തിച്ചത്. ചെല്‍സിക്കൊപ്പം മികച്ച പ്രകടനമാണ് ഹസാര്‍ഡ് കാഴ്ചവെച്ചത്. ക്ലബ്ബിനായി 352 മത്സരങ്ങളില്‍ നിന്ന് 110 ഗോളുകളാണ് താരത്തിന്റെ ബൂട്ടുകളില്‍ നിന്നും പിറന്നത്. നീലപ്പടക്കൊപ്പം രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങളിലാണ് ഹസാര്‍ഡ് പങ്കാളിയായത്.

