കൊളംബോ: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് വമ്പൻ തകർച്ച. ഏഴോവറിൽ വെറും 12 റൺസെടുക്കുന്നതിനിടെ ആറ് ശ്രീലങ്കൻ ബാറ്റർമാരാണ് കൂടാരം കയറിയത്. തന്റെ രണ്ടാം ഓവറില്‍ തന്നെ നാല് വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ലങ്കയെ തകര്‍ത്തത്.

സിറാജ് ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശ്രീലങ്ക 15.2 ഓവറില്‍ 50ന് എല്ലാവരും പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തു. ജസ്പ്രിത് ബുമ്രയ്ക്ക് ഒരു വിക്കറ്റുണ്ട്. 17 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.

ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തി ജസ്പ്രീത് ബുംറയാണ് ഇന്ത്യക്ക് ആദ്യ ബ്രേക് ത്രൂ നൽകിയത്. നേരിട്ട രണ്ടാം പന്തിൽ തന്നെ കുശാൽ പെരേരയെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്റെ കയ്യിലെത്തിച്ച് മടക്കി. ആദ്യ ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് ബുംറ വീഴത്തിയത്. പിന്നീടാണ് സിറാജ് കൊടുങ്കാറ്റ് അവതരിച്ചത്.

നാലാം ഓവറിലെ ആദ്യ പന്തിൽ നിസംഗയെ സിറാജ് ജഡേജയുടെ കയ്യിലെത്തിച്ചു. മൂന്നാം പന്തിൽ സമരവിക്രമയെ വിക്കറ്റിന് മുന്നിൽ കുടുക്കി. നാലാം പന്തിൽ അസലങ്കയെ ഇഷാൻ കിഷന്റെ കയ്യിലെത്തിച്ചു. അഞ്ചാം പന്തിൽ ബൗണ്ടറി പായിച്ച ദനഞ്ജയയെ ആറാം പന്തിൽ രാഹുലിന്റെ കയ്യിലെത്തിച്ച സിറാജ് ലങ്കയുടെ അടിവേരിളക്കി.

ഒരോവറിൽ നാല് വിക്കറ്റ് നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യൻ ബോളറാണ് സിറാജ്.

ഇന്ത്യ പ്ലെയിംഗ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *