ട്രിനിഡാഡ്: വെസ്റ്റിൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് 200 റൺസിന്റെ ജയം. ഇതോടെ മൂന്നു മത്സര പരമ്പര ഇന്ത്യ 2–1ന് സ്വന്തമാക്കി. സ്കോർ: ഇന്ത്യ 50 ഓവറിൽ 5ന് 351. വെസ്റ്റിൻഡീസ് 35.3 ഓവറിൽ 151.
കഴിഞ്ഞ മത്സരത്തിലെ തോൽവിയിൽ നിന്ന് പാഠമുൾക്കൊണ്ട് കളിച്ച ഇന്ത്യൻ ബാറ്റർമാർ മികച്ച സ്കോറാണ് ടീമിന് സമ്മാനിച്ചത്. ശുഭ്മാൻ ഗിൽ (85), ഇഷാൻ കിഷൻ (77), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (70), സഞ്ജു സാംസൺ (51), സൂര്യകുമാർ യാദവ് (35) എന്നിവർ മികവുകാട്ടി. കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ട സഞ്ജു ഇത്തവണ കിട്ടിയ അവസരം പ്രയോജനപ്പെടുത്തി. വമ്പനടികളുമായി കൂറ്റൻ സ്കോറിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ചെങ്കിലും അർധസെഞ്ചുറിക്ക് പിന്നാലെ പുറത്തായി. 41 പന്തിൽ നാല് സിക്സറും രണ്ട് ഫോറും അടങ്ങിയതാണ് സഞ്ജുവിന്‍റെ ഇന്നിങ്സ്.
പേസർ മുകേഷ് കുമാർ വിൻ്റീസിൻ്റെ മുൻനിര ബാറ്റർമാരെ ആദ്യ ഓവറുകളിൽ തന്നെ പവനിയിലേക്ക് മടക്കി. ഒരു ഘട്ടത്തിൽ നൂറിന് മുകളിൽ പോകില്ലെന്ന് കരുതിയ വിൻ്റീസ് സ്കോർ 151- ൽ എത്തിച്ചത് ഗുഡകേഷ് മോട്ടിയുടെയും അൽസരി ജോസഫിൻ്റെയും ചെറുത്ത് നിൽപ്പാണ്.
ഇരുവർക്കും പുറമെ അലിക്ക് അതെൻസെയും യാനിക് കരിയയുമാണ് രണ്ടക്കം കടന്ന മറ്റൊരു വിന്‍ഡീസ് ബാറ്റർമാർ. മത്സരത്തിൽ ഇന്ത്യക്കായി ഷർദുൽ താക്കൂർ നാലും മുകേഷ് കുമാർ മൂന്നും കുൽദീപ് യാദവ് രണ്ടും വിക്കറ്റുകൾ സ്വന്തമാക്കി.