കണ്ണൂർ: ഇന്ത്യൻ സർക്കസ് രംഗത്തെ പ്രമുഖനും ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളുടെ ഉടമയുമായിരുന്ന ജെമിനി ശങ്കരൻ (99) അന്തരിച്ചു. ഞായറാഴ്ച രാത്രി 11.40 ന്കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ഇന്ത്യൻ സർക്കസിനെ ലോകശ്രദ്ധയിൽ കൊണ്ടുവന്നവരിൽ പ്രമുഖനായിരുന്നു അദ്ദേഹം. ഇന്ത്യൻ സർക്കസിന്റെ കുലപതി എന്നറിയപ്പെടുന്ന ശങ്കരൻ 1951 ൽ ആണ് ഗുജറാത്തിലെ സൂറത്തിനടുത് ബില്ലിമോറിയിൽ ജെമിനി സർക്കസ് തുടങ്ങിയത്.
ഇന്ത്യയിൽതന്നെ ഏറ്റവും പ്രായംകൂടിയ സർക്കസ് കലാകാരനും സ്ഥാപകനുമാണ് ജെമിനി ശങ്കരൻ. സർക്കസ് കലാകാരനായി ജീവിതം തുടങ്ങിയ അദ്ദേഹം സർക്കസുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കകത്തും പുറത്തുമായി ഏറെ സഞ്ചരിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിമാരായ ജവാഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, മൊറാർജി ദേശായി, രാജീവ് ഗാന്ധി എന്നിവർക്ക് പുറമേ ലോകനേതാക്കളായ മാർട്ടിൻ ലൂതർകിങ്, മൗണ്ട്ബാറ്റൺ, കെന്നത്ത് കൗണ്ട, ബഹിരാകാശയാത്രികയായ വാലന്റീന തെരഷ്കോവ തുടങ്ങിയ പ്രമുഖരുമായി സൗഹൃദമുണ്ടായിരുന്നു. ഇന്ത്യൻ സർക്കസ് ഫെഡറേഷന്റെ പ്രസിഡന്റായിരുന്നു
വിദേശരാജ്യങ്ങളിലെ കലാകാരന്മാരെയും വന്യമൃഗങ്ങളെയും സർകസിൽ അണിനിരത്തി ജെമിനി ശ്രദ്ധ നേടി. 1977ൽ ജംബോ സർകസ് കൂടി ശങ്കരൻ ഏറ്റെടുത്തു. ചൈനയിൽ നടന്ന ഇന്റർനാഷനൽ സർകസ് ഫെസ്റ്റിവലിലും പങ്കെടുത്തു. കുവൈത്ത് ഗോൾഡൻ ഫോക് പുരസ്‌കാരവും സർകസിലെ സേവനം മാനിച്ച് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും ടി.കെ.എം ട്രസ്റ്റിന്റെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും ലഭിച്ചു.
ഇന്ന് രാവിലെ 10 മണി മുതല്‍ പൊതുദര്‍ശനം നടത്തും. ചൊവ്വാഴ്ച പയ്യാമ്പലത്ത് സംസ്കാരം നടക്കും. ഭാര്യ പരേതയായ ശോഭന; മക്കൾ: അജയ്, അശോക് ശങ്കർ,രേണു.
There is no ads to display, Please add some