തിരുവനന്തപുരം: നിയമനത്തട്ടിപ്പ് വിവാദത്തിൽ സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണവുമായി ബന്ധപ്പെട്ട് പി.എസ്.സിയുടെ ഔദ്യോഗിക നിലപാട് ഇന്ന് വ്യക്തമാകും. നിയമോപദേശം തേടിയ ശേഷമായിരിക്കും സർക്കാർ അന്വേഷണത്തിൽ കമ്മീഷൻ അന്തിമ തീരുമാനം സ്വീകരിക്കുക.

ആസൂത്രണ ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് പി.എസ്.സിക്ക് കത്ത് നൽകും. ഇതിനിടെ, പി.എസ്.സി പ്രഖ്യാപിച്ച ആഭ്യന്തര വിജിലൻസ് അന്വേഷണവും തുടരുകയാണ്.

സർക്കാർ പ്രഖ്യാപിച്ച അന്വേഷണം ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയുടെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് ചെയർമാനും ഒരു വിഭാഗം അംഗങ്ങളും അഭിപ്രായപ്പെടുന്നത്. ആഭ്യന്തര വിജിലൻസ് അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കൂടുതൽ പരാതികൾ ഉയർന്ന സാഹചര്യത്തിൽ പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ സർക്കാർ നിയോഗിച്ച അന്വേഷണം അനിവാര്യമാണെന്നാണ് മറ്റൊരു വിഭാഗത്തിന്റെ നിലപാട്.

ആഭ്യന്തര വിജിലൻസ് എസ്.പി.യുടെ അന്വേഷണത്തിന് പരിമിതികളുണ്ടെന്നും, ചെയർമാനെയോ അംഗങ്ങളെയോ ചോദ്യം ചെയ്യാനോ ഉന്നതതലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനോ അതിലൂടെ സാധിക്കില്ലെന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ. അതിനാൽ സമഗ്രവും ഫലപ്രദവുമായ അന്വേഷണം ഉറപ്പാക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണം തന്നെയാണ് ഉചിതമെന്നാണ് സർക്കാർ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *