ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി ഉൾപ്പെടെയുള്ള വിഷയങ്ങൾ വിലയിരുത്തുന്ന സിപിഎം കേന്ദ്രക്കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് രണ്ട് ദിവസമായി വിശദമായ ചർച്ചകളാണ് നടന്നത്. തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടും തെറ്റുതിരുത്തൽ രേഖയും ഉൾപ്പെടെ മൂന്ന് രേഖകൾക്ക് കേന്ദ്രക്കമ്മിറ്റി ഇന്ന് അംഗീകാരം നൽകും.
രേഖകൾക്ക് അന്തിമ രൂപം നൽകുന്നതിനായി സിപിഎം പൊളിറ്റ് ബ്യൂറോ ഇന്നലെ വൈകീട്ട് യോഗം ചേർന്നിരുന്നു.കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ നേതാക്കളുടെ പ്രവർത്തന ശൈലിയിൽ മാറ്റം വേണമെന്ന വിമർശനം കേന്ദ്രക്കമ്മിറ്റിയിൽ ഉയർന്നു. സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകൾ കേരളത്തിൽ നിന്നുള്ള നേതാക്കൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയതായാണ് റിപ്പോർട്ട്. മുന്നിൽ നിന്ന് നയിച്ച നേതാക്കളുടെ ധാർഷ്ട്യപരമായ സമീപനം പാർട്ടിക്ക് തിരിച്ചടിയായെന്നും യോഗത്തിൽ വിമർശനമുയർന്നു.
ദീർഘകാലമായി അധികാരത്തിന് പുറത്തുള്ള പശ്ചിമ ബംഗാളിലും നേതാക്കളുടെ അഹങ്കാരപരമായ സമീപനം പാർട്ടിക്ക് ദോഷം ചെയ്തതായി അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇത്തരം സമീപനം കമ്യൂണിസ്റ്റ് രീതിയല്ലെന്നും, പാർട്ടിക്കൊപ്പം നിന്നിരുന്ന പല വിഭാഗങ്ങളെയും അകറ്റാൻ ഇത് കാരണമായെന്നും വിമർശനം ഉയർന്നു.
ഈ ധാർഷ്ട്യം തന്നെ പാർട്ടിയുടെ പ്രവർത്തന ശൈലിയായി പൊതുസമൂഹത്തിൽ വ്യാഖ്യാനിക്കപ്പെടുന്ന സാഹചര്യമുണ്ടായി. ഇത് മാറ്റാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും, സാധാരണമായ തിരുത്തലുകൾ മാത്രം പോരെന്നും കേന്ദ്രക്കമ്മിറ്റിയിൽ അഭിപ്രായം ഉയർന്നതായാണ് റിപ്പോർട്ട്.

