അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തതെന്ന വിശദീകരണവുമായി യുവതി. സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്ത സംഭവത്തിലാണ് യുവതിയുടെ വിശദീകരണം.

അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടിയിരുന്നു. അതിനാല്‍ കടുത്ത പരിഭ്രാന്ത്രിയിലും സമ്മര്‍ദ്ദത്തിലുമായിരുന്നുവെന്നാണ് യുവതി പറയുന്നത് . ഈ സമയത്ത് എമർജൻസി എക്സിറ്റ് ഉപയോഗിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു എന്നും യുവതി സമൂഹമാധ്യത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. വീഡിയോ തുടരെ ഷെയർ ചെയ്യുന്നതും, ട്രോളുകളും മാനസികമായി ബാധിക്കുന്നതായും യുവതി പോസ്റ്റില്‍ പറയുന്നു. അതുകൊണ്ട് ഇക്കാര്യം ചോദിച്ച്‌ ഇനി ബന്ധപ്പെടരുതെന്നും യുവതി അഭ്യർത്ഥിക്കുന്നുണ്ട്.

‘ട്രോളുകളും അധിക്ഷേപങ്ങളും മാനസികമായി ബാധിക്കുന്നു. ഇവിടെക്കൊണ്ട് ഇത് അവസാനിപ്പിക്കണം. ഇതിനെക്കുറിച്ച്‌ ചോദിച്ചുകൊണ്ട് എന്നെ ഇനി ബന്ധപ്പെടുകയോ മറ്റൊന്നും ചോദിക്കുകയോ ചെയ്യരുതെന്നും അഭ്യർത്ഥിക്കുന്നു’ എന്നാണ് യുവതിയുടെ പോസ്റ്റിലുള്ളത്. കോഴിക്കോട് മിംസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്തണമെന്നതായിരുന്നു യുവതിയുടെ ആവശ്യം. കെഎസ്‌ആര്‍ടിസിയുടെ സൂപ്പര്‍ പ്രീമിയം ബസായതിനാല്‍ അവിടെ സ്റ്റോപ്പില്ലെന്ന് പലതവണ ഡ്രൈവറും കണ്ടക്ടറും പറഞ്ഞെങ്കിലും യുവതി ബഹളമുണ്ടാക്കി. സംസാരിക്കുന്നതിനിടെ ഗ്ലാസ് ബ്ലേക്കര്‍ ഉപയോഗിച്ച്‌ ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകര്‍ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *