നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് കൊച്ചിയില്‍ വന്‍ സ്വീകരണം. തിരുവനന്തപുരത്തുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ വിഡി സതീശനെ മുദ്രാവാക്യങ്ങളും ആര്‍പ്പുവിളികളോടെയുമാണ് കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. നിയുക്ത എംഎല്‍എമാരും സതീശനെ സ്വീകരിക്കാനെത്തിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ടാണ് അദ്ദേഹത്തെ വാഹനത്തിലേക്ക് കയറ്റിയത്.

കൊച്ചിയിലെത്തിയതിന് പിന്നാലെ മുതിര്‍ന്ന നേതാവ് വയലാര്‍ രവിയെ വിഡി സതീശന്‍ സന്ദര്‍ശിച്ചു. നിയുക്ത എംഎല്‍എ ഉമാ തോമസ് ഉള്‍പ്പടെ നിരവധി നേതാക്കളും ഒപ്പമുണ്ടായിരുന്നു. നാളെ രാവിലെ വിഡി സതീശന്‍ തിരുവനന്തപുരത്തേക്ക് മടങ്ങും.കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാന ചര്‍ച്ചകള്‍ക്കായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കേരളത്തിലെത്തി. സണ്ണി ജോസഫ്, മാത്യു കുഴല്‍നാടന്‍, പിസി വിഷ്ണുനാഥ്, ടി സിദ്ദിഖ്, പഴകുളം മധു, വിഎസ് ശിവകുമാര്‍, കെ ജയന്ത്, എം ലിജു, നാട്ടകം സുരേഷ്, പ്രവീണ്‍ കുമാര്‍ എന്നിവര്‍ വിമാനത്താവളത്തില്‍ കെസി വേണുഗോപാലിനെ സ്വീകരിക്കാനെത്തി.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കുന്ന അച്ചടക്കമുള്ള നേതാക്കളാണ് കേരളത്തിലുള്ളതെന്ന’ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതില്‍ അനുയായികള്‍ക്ക് വിഷമമുണ്ടെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, പാര്‍ട്ടി ഒരു അന്തിമ തീരുമാനമെടുത്താല്‍ അത് അംഗീകരിച്ചു മുന്നോട്ട് പോകുക എന്നത് ഓരോ പ്രവര്‍ത്തകന്റെയും ഉത്തരവാദിത്തമാണെന്നും താന്‍ അത് ശിരസാവഹിക്കുന്നുവെന്നും അദ്ദേഹം മറുപടി നല്‍കി.

കോണ്‍ഗ്രസിന്റെ ഏറ്റവും പ്രാപ്തരായ എംഎല്‍എമാരാണ് ജയിച്ചു വന്നിരിക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അര്‍ഹതയും മാനദണ്ഡങ്ങളും മുന്‍നിര്‍ത്തി മികച്ച മന്ത്രിമാര്‍ ഉണ്ടാകുമെന്നും അവര്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ‘കെസി പക്ഷം’ എന്നൊന്നില്ലെന്നും അത്തരം വിവാദങ്ങളിലേക്ക് പോകരുതെന്നും അദ്ദേഹം പറഞ്ഞു. തന്നെ സ്വീകരിക്കാന്‍ എത്തിയവര്‍ തന്റെ പക്ഷക്കാരാണെന്ന വാദത്തെ അദ്ദേഹം തള്ളി. കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ തന്നെ സ്വീകരിക്കാന്‍ എത്തിയത് ചൂണ്ടിക്കാട്ടി അദ്ദേഹം കെസി പക്ഷമാണോ എന്നും വേണുഗോപാല്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *